കുട്ടികളെ കാണാതായതല്ല, വീടുകളിലേക്ക് മടങ്ങിയത്: ദേശീയ ബാലാവകാശ കമ്മീഷനെ തള്ളി ഭോപ്പാൽ കളക്ടറും പൊലീസും

Advertisement

ഭോപ്പാൽ: ഭോപ്പാലിൽ മലയാളി പുരോഹിതരുടെ നേതൃത്വത്തിൽ നടക്കുന്ന ഹോസ്റ്റലിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായതായെന്ന ദേശീയ ബാലാവകാശ കമ്മീഷൻ വാദം തള്ളി ഭോപ്പാൽ ജില്ലാ കളക്ടറും ഭോപ്പാൽ പൊലീസും. അനാഥാലയത്തിൽ പരിശോധന പൂർത്തിയായെന്നും 26 കുട്ടികളും വീടുകളിലേക്ക് മടങ്ങിയതാണെന്നും ഭോപ്പാൽ കളക്ടർ പ്രതികരിച്ചു. ഇത് സംബന്ധിച്ച രേഖകളും പരിശോധിച്ചുവെന്നും കുട്ടികളെ കാണാതായിട്ടില്ലെന്നും ദേശീയ ബാലാവകാശ കമ്മീഷന്റെ നോട്ടീസ് ലഭിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയ്ക്ക് ശേഷം കളക്ടർ വ്യക്തമാക്കി.

വിദ്യാർത്ഥികളെ കാണാതായതല്ലെന്നും അവർ പഠനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയതാണെന്നും ഭോപ്പാൽ പൊലീസും വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വീഡിയോയും പ്രസിദ്ധീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്നും കുടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

സിഎംഐ പുരോഹിതരുടെ കീഴിലുളള ഹോസ്റ്റലിൽ നിന്ന് കുട്ടികളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി കേസെടുക്കാൻ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഭോപ്പാലിലെ എയ്ഞ്ചൽ ബാലഗൃഹ ഹോസ്റ്റലിൽ ദേശീയ ബാലാവകാശ കമ്മീഷൻ പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പരിശോധനയ്ക്ക് പിന്നാലെ ഹോസ്റ്റലിലെ ലിസ്റ്റിലുളള 68 കുട്ടികളിൽ 26 പേരെ കാണാതായെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് തേടിയെന്നും കമ്മീഷൻ ട്വീറ്റ് ചെയ്തിരുന്നു.

സിഎംഐ പുരോഹിതരുടെ കീഴിലുളള സ്ഥാപനത്തിന്റെ മാനേജർ മലയാളിയായ ഫാ അനിൽ മാത്യുവാണ്. സംഭവത്തിൽ അന്വേഷണം തുടങ്ങിയ പോലീസ് കമ്മീഷന്റെ വാദം പ്രാഥമികമായി തള്ളുകയാണ്. കാണാതായെന്ന് കമ്മീഷൻ പറഞ്ഞ 26 കുട്ടികളും പഠനം പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങിയതാണെന്ന് തെളിയിക്കുന്ന രേഖകളാണ് ഹോസ്റ്റൽ അധികൃതർ പൊലീസിന് നൽകിയത്. വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നു ആർക്കെതിരെയും കേസെടുത്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. ദേശീയ ബാലാവകാശ കമ്മീഷൻറെ ട്വീറ്റിന് പിന്നാലെ മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കമുള്ളവർ ഇത് രാഷ്ട്രീയ വിഷയമായി ഉയർത്തിയിരുന്നു.