എഞ്ചിനീയറിങ് വിസ്മയം നാളെ തുറക്കും; ഇനി 2 മണിക്കൂർ വേണ്ട, 20 മിനിട്ടിലെത്തും, ബൈക്കിനും ഓട്ടോയ്ക്കും നോ എൻട്രി

Advertisement

മുംബൈ: രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലമായ മുംബൈ ട്രാൻസ് ഹാര്‍ബര്‍ ലിങ്കില്‍ (എം‌ടി‌എച്ച്‌എൽ) ഓട്ടോറിക്ഷകള്‍ക്കും ബൈക്കുകള്‍ക്കും മുച്ചക്ര വാഹനങ്ങൾക്കും മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങൾക്കും പ്രവേശനമില്ല. നാല് ചക്ര വാഹനങ്ങളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 100 ​​കിലോമീറ്ററായിരിക്കും. വെള്ളിയാഴ്ചയാണ് (ജനുവരി 12) പാലം തുറക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകൻ. 18,000 കോടി ചെലവിട്ടാണ് കടല്‍പ്പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

അടല്‍ സേതു എന്നാണ് കടല്‍പ്പാലത്തിന്‍റെ പേര്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ പേരാണ് കടല്‍പ്പാലത്തിന് നല്‍കിയിരിക്കുന്നത്. ഗംഭീര എഞ്ചിനീയറിംഗ് വിസ്മയമാണ് ഈ പാലം. സ്യൂരിയെയും നാവാശേവയെയും ബന്ധിപ്പിക്കുന്ന, 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറുവരി പാതയാണ് എംടിഎച്ച്എല്‍. കടലിൽ 16.50 കിലോമീറ്ററും കരയിൽ 5.5 കിലോമീറ്ററും ദൂരത്തിലാണ് പാലമുള്ളത്. ലോകത്തിലെ പന്ത്രണ്ടാമത്തെ നീളം കൂടിയ പാലവും ഇതാണ്. മുംബൈയില്‍ നിന്നും നവിമുംബൈയിലേക്ക് 20 മിനിട്ട് കൊണ്ട് എത്താന്‍ കഴിയും എന്നതാണ് പ്രത്യേകത. നിലവില്‍ രണ്ട് മണിക്കൂറാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. ഒരു ദിവസം ഏകദേശം 75,000 വാഹനങ്ങള്‍ മുംബൈ ട്രാൻസ് ഹാർബർ ലിങ്കിലൂടെ കടന്നുപോവാന്‍ സാധ്യതയുണ്ട്.

കാറുകൾ, ടാക്സികൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ, മിനി ബസുകൾ, ടു ആക്സിൽ ബസുകൾ തുടങ്ങിയ വാഹനങ്ങൾക്ക് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗപരിധി ഉണ്ടായിരിക്കുമെന്നാണ് പൊലീസ് അറിയിച്ചത്. പാലത്തിന്റെ കയറ്റത്തിലും ഇറക്കത്തിലും വേഗത മണിക്കൂറിൽ 40 കിലോമീറ്ററായിരിക്കും. അപകടങ്ങള്‍ ഒഴിവാക്കാനാണ് ഇതെന്നും പൊലീസ് പറഞ്ഞു.

മുംബൈയിലെ ഗതാഗതക്കുരുക്ക് കാരണം 1990കളില്‍ ആലോചന തുടങ്ങിയ പദ്ധതി. 2016ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. കഴിഞ്ഞ മാസമാണ് നിര്‍മാണം പൂര്‍ത്തിയായത്. അടിയിലൂടെ കപ്പലുകള്‍ക്ക് തടസ്സമില്ലാതെ പോകാന്‍ കഴിയുന്ന വിധത്തിലാണ് നിര്‍മാണം. നിര്‍മാണ സാമഗ്രികള്‍ എത്തിക്കാനായി ഉണ്ടാക്കിയ ചെറു സമാന്തര പാലം നിലനിര്‍ത്തും. ദേശാടനക്കിളികളെ നിരീക്ഷിക്കാനുള്ള ഇടമായി ആ പാലത്തെ മാറ്റും.

പാലത്തില്‍ എംഎംആര്‍ഡിഎ 500 രൂപ ടോള്‍ എന്ന നിർദേശം വെച്ചപ്പോള്‍ പൊതുമരാമത്ത് വകുപ്പും നഗരവികസന വകുപ്പും 350 രൂപ ടോൾ എന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. എന്നാൽ സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ ഒരു യാത്രയ്ക്ക് ഒരു കാറിന് 250 രൂപ ടോൾ ഈടാക്കാനാണ് തീരുമാനിച്ചത്. ട്രാൻസ്-ഹാർബർ ലിങ്കിൽ പതിവായി യാത്ര ചെയ്യുന്നവർക്ക് ഇളവ് നൽകാനും സർക്കാർ തീരുമാനിച്ചു. വൺവേ നിരക്കിന്റെ പകുതി നിരക്കിൽ റിട്ടേൺ പാസുകൾ ലഭിക്കും.