പ്രണയസാക്ഷാത്കാരം; ക്ഷേത്രത്തിൽവച്ച് വരണമാല്യം ചാർത്തി സ്വവർ​ഗാനുരാ​ഗികളായ യുവതികൾ

Advertisement

ന്യൂഡൽഹി: ഉത്തർപ്രദേശിയെ ദേവ്റിയയിൽ സ്വവർ​ഗാനുരാ​ഗികളായ യുവതികൾ ക്ഷേത്രത്തിൽവച്ച് വിവാഹിതരായി. പശ്ചിമ ബംഗാളിൽ നിന്നുള്ള ലെസ്ബിയൻ പ്രണയിനികളാണ് ക്ഷേത്രത്തിൽ പരമ്പരാഗത ചടങ്ങുകളോടെ വരണമാല്യം ചാർത്തിയത്.

ദേവ്റിയയിലെ ഓർക്കസ്ട്ര ടീമിന്റെ ഭാഗമായ ജയശ്രീ രാഹുലും (28) രാഖി ദാസുമാണ് (23) നിരവധി എതിർപ്പുകൾ തരണം ചെയ്ത് ഒന്നിച്ചത്. ബം​ഗാളിലെ സൗത്ത് 24 പർഗാനാസ് സ്വദേശികളായ ഇരുവരും കുറച്ച് കാലമായി ദേവ്റിയയിലാണ് ജോലി ചെയ്യുന്നത്.

വിവാഹത്തിന് നിയമപരമായ അനുവാദം വാങ്ങിയ ശേഷമാണ് ദേവ്റിയയിലെ ഭട്പർ റാണിയിലെ ഭഗദ ഭവാനി ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വിവാഹിതരായത്. കുറച്ച് ദിവസം മുമ്പ് ദർഗേശ്വർനാഥ് ക്ഷേത്രംദമ്പതികൾക്ക് വിവാഹത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നിയമപരമായ മാർ​ഗം തേടിയത്. ഉന്നത അധികാരികളിൽ നിന്ന് അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം വിവാഹച്ചടങ്ങ് അനുവദിക്കാതിരുന്നത്.

തുടർന്ന് ഇരുവരും സുഹൃത്തുക്കളുടെ സഹായത്തോടെ വിവാഹത്തിന് നോട്ടറി സാക്ഷ്യപത്രം വാങ്ങുകയും അതിനുശേഷം മജൗലിരാജിലെ ഭഗദ ഭവാനി ക്ഷേത്രത്തിലെത്തി ക്ഷേത്രത്തിലെ പുരോഹിതന്റെ സാന്നിധ്യത്തിൽ മാലകൾ കൈമാറുകയും ചെയ്തു. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഒരുമിച്ച് ജീവിക്കാനായതെന്ന് ഇരുവരും പറഞ്ഞു.