ന്യൂഡൽഹി: മാർച്ച് 15 ന് മുമ്പ് ഇന്ത്യൻ സർക്കാർ മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യൻ സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിയുടെ അപകീർത്തികരമായ പരാമർശങ്ങളുടെ പേരിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലാണ് പുതിയ നടപടി.
മാലദ്വീപിലെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ഇന്ത്യയോട് ഔദ്യോഗികമായി അഭ്യർഥിച്ചെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2023 നവംബറിൽ, ഇന്ത്യയുമായുള്ള ബന്ധം വെട്ടിച്ചുരുക്കുന്നതിനും ചൈനയുമായുള്ള നയതന്ത്ര ബന്ധം വർധിപ്പിക്കുന്നതിനും മാലദ്വീപിന്റെ പ്രസിഡന്റ് മുയിസു ശ്രമിച്ചിരുന്നു.
മാലദ്വീപ് മുൻ ഗവൺമെന്റിന്റെ അഭ്യർഥന പ്രകാരം വർഷങ്ങളായി മാലദ്വീപിൽ ഇന്ത്യൻ സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നു. സമുദ്ര സുരക്ഷയ്ക്കും ദുരന്ത നിവാരണ സഹായത്തിനുമായിരുന്നു ഇന്ത്യൻ സൈനിക സഹായം മാലദ്വീപ് തേടിയത്. മാലദ്വീപ് ജനങ്ങളുടെ ജനാധിപത്യപരമായ ആവശ്യത്തെ ഇന്ത്യ മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാലദ്വീപ് അറിയിച്ചു. അതേസമയം സൈന്യത്തെ പിൻവലിക്കാനുള്ള സമയപരിധി മാലദ്വീപ് സർക്കാർ നിർദേശിച്ചിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച മാലദ്വീപ് മന്ത്രിമാർ നടത്തിയ പരാമർശം ഇന്ത്യ-മാലദ്വീപ് ബന്ധം വഷളാകാനാൻ കാരണമായിരുന്നു. ലക്ഷദ്വീപിലെ അതിമനോഹരമായ ബീച്ചുകളെ മാലിദ്വീപുമായി താരതമ്യം ചെയ്തതിന് പിന്നാലെയാണ് മാലിദ്വീപ് മന്ത്രിമാർ അപകീർത്തികരമായ പരാമർശങ്ങളുമായി പ്രതികരിച്ചത്. ഔദ്യോഗികമായി ഇന്ത്യ പ്രതിഷേധം അറിയിച്ചതോടെ മൂന്ന് മന്ത്രിമാരായ മൽഷ ഷെരീഫ്, മറിയം ഷിയൂന, അബ്ദുല്ല മഹ്സൂം മജീദ് എന്നിവരെ മുയിസു സർക്കാർ സസ്പെൻഡ് ചെയ്തു