അയോധ്യ പ്രാണ പ്രതിഷ്ഠാ; മഹാപൂജകള്‍ നാളെ ആരംഭിക്കും

Advertisement

അയോധ്യ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തില്‍ നാളെ മുതല്‍ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള മഹാപൂജകള്‍ ആരംഭിക്കും. ഈ മാസം 22ന് ഉച്ചയ്ക്ക് 12.20നാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്. പ്രധാനമന്ത്രിയും ആര്‍എസ്എസ് മേധാവിയും ചടങ്ങിന് സാക്ഷിയായി ഗര്‍ഭഗൃഹത്തിലുണ്ടാകും. 23 മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.
ഈ മാസം 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാച്ചടങ്ങിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. ശ്രീ രാമന്റെ അഞ്ച് വയസ് പ്രായമുള്ള നില്‍ക്കുന്ന രൂപത്തില്‍ കൃഷ്ണശിലയില്‍ തയ്യാറാക്കിയ വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. 150200 ഇടയില്‍ കിലോ ഭാരമുണ്ട്. 18ന് വിഗ്രഹം ഗര്‍ഭഗൃഹത്തില്‍ സ്ഥാപിക്കും. 22ന് ഉച്ചയ്ക്ക് 12.20ന് ആരംഭിച്ച് ഒരു മണിക്ക് പ്രതിഷ്ഠാച്ചടങ്ങുകള്‍ പൂര്‍ത്തിയാകും. വാരാണസിയിലെ ഗണേശ്വര്‍ ശാസ്ത്രി ദ്രാവിഡാണ് മുഹൂര്‍ത്തം ഗണിച്ച് നല്‍കിയിട്ടുള്ളത്.
വിവിധ സമ്പ്രാദയങ്ങളില്‍ നിന്നുള്ള 150 സന്യാസിമാരും പത്മപുരസ്‌ക്കാര ജേതാക്കളടക്കം പ്രമുഖരും ചടങ്ങിന് എത്തും. സീതാദേവിയുടെ നാടായ നേപ്പാളിലെ ജനകപുരിയില്‍ നിന്ന് പരിതോഷികങ്ങള്‍ എത്തി. താല്‍ക്കാലിക ക്ഷേത്രത്തില്‍ 20നും 21നും ഭക്തര്‍ക്ക് പ്രവേശനമില്ല. 23 മുതല്‍ പുതിയ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുമെന്നും ട്രസ്റ്റ് അറിയിച്ചു.