ഡീപ്‌ ഫേകിന് ഇരയായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും

Advertisement

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലെ ഡീപ് ലേണിങ് വഴി യഥാര്‍ഥമെന്ന് തോന്നുന്ന വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കുന്നതാണ് ഡീപ്‌ ഫേക് എന്ന പേരില്‍ അറിയപ്പെടുന്നത്. രശ്മിക മന്ദാന, കത്രീന കൈഫ് തുടങ്ങിയ അഭിനേത്രിള്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കും ശേഷം ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഡീപ് ഫേക്കുകളുടെ ഇരയായിരിക്കുന്നു. ഗെയിമിങ് ആപ്പിന്റെ പരസ്യത്തിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഡീപ് ഫേക്ക് വീഡിയോ. സച്ചിന്‍ തന്നെയാണ് തന്റെ വ്യാജ പരസ്യ വീഡിയോ എക്സില്‍ പങ്കുവെച്ചത്. തന്റെ മകള്‍ സാറ ഗെയിമിങ് ആപിലൂടെ നേട്ടം കൊയ്യുന്നുവെന്നും സച്ചിന്‍ വീഡിയോയില്‍ പറയുന്നുണ്ട്.
സ്‌കൈവാഡ് ഏവിയേറ്റര്‍ ക്വസ്റ്റ് എന്ന ഗെയിമിങ് ആപ്പിന്റെ പരസ്യമാണ് സച്ചിന്റെ ഡീപ് ഫേക്ക് വീഡിയോ ഉപയോഗിച്ച് ചെയ്തിരിക്കുന്നത്. 30 സെക്കന്റ് ദൈര്‍ഘ്യമാണ് വീഡിയോയ്ക്കുള്ളത്. വീഡിയോ വ്യാജമാണെന്നും സാങ്കേതിക വിദ്യയെ ഇത്തരത്തില്‍ ദുരുപയോഗം ചെയ്യുന്നത് തന്നെ അസ്വസ്ഥനാക്കുന്നുവെന്നും സച്ചിന്‍ എക്സില്‍ കുറിച്ചു.
ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോ, ആപ്പ്, പരസ്യങ്ങള്‍ എന്നിവയെ പരമാവധി റിപ്പോര്‍ട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പരാതികളെ മുഖവിലക്കെടുത്ത് പ്രതികരിക്കാന്‍ സമൂഹ മാധ്യമങ്ങള്‍ ജാഗ്രത കാണിക്കണം. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള അടിയന്തര നടപടികള്‍ ഇത്തരത്തില്‍ വ്യാജ വിവരങ്ങളും ഡീപ് ഫേക്കുകളും പടരുന്നത് തടയുന്നതില്‍ നിര്‍ണായകമാണെന്നും അദ്ദേഹം കുറിച്ചു.

Advertisement