ന്യൂഡെല്‍ഹി . പിടികിട്ടാപ്പുള്ളികൾക്കായി കേന്ദ്ര അന്വേഷണ ഏജൻസികൾ ബ്രിട്ടനിലേക്ക്.വിജയ് മല്യ, സഞ്ജയ് ഭണ്ഡാരിയാ, നീരവ് മോദി എന്നിവരെ നാട്ടിൽ എത്തിക്കാൻ സിബിഐ,ഇഡി,എൻഐഎ എന്നീ ഏജൻസികളിലെ സംഘം യുകെയിലേക്ക് പുറപ്പെടും.വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് ദൗത്യം
കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ വിജയ് മല്യയെയും നീരവ് മോദിയെയും ഒപ്പം ആയുധ ഇടപാടുക്കാരൻ സഞ്ജയ് ഭാണ്ഡര്യയെയും ലക്ഷ്യമിട്ടാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ ബ്രിട്ടനിലെ ദൗത്യം.അന്വേഷണസംഘം യുകെ അധികൃതരുമായി ചർച്ച നടത്തി ഇവർക്കെതിരായ തെളിവുകൾ ശേഖരിക്കും.ദൗത്യവുമായി ബന്ധപ്പെട്ട് ലണ്ടനിലെ ഇന്ത്യൻ ഹൈകമ്മീഷണൻ യുകെ അധികൃതരുമായി ചർച്ച നടത്തിയിരുന്നു.പ്രതികളുടെ യുകെയിലെ സ്വത്തു വിവരങ്ങളും ബാങ്ക് ഇടപാട് രേഖകളും കൈമാറാൻ യുകെ അധികൃതരോട് അന്വേഷണസംഘം ആവശ്യപ്പെടും.
ബ്രിട്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷൻ ആസ്ഥാനം ആക്രമിച്ച ഖലിസ്ഥാൻ ഭീകരർക്കെതിരായ കേസുകളും ദൗത്യസംഘത്തിന്റെ അന്വേഷണ പരിധിയിലുള്ളതയാണ് റിപ്പോർട്ടുകൾ.മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ഉടമ്പടി പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികളുടെ വിവരങ്ങൾ കൈമാറാൻ ഇന്ത്യയും യുകെയും നേരത്തെ ധാരണയിലെത്തിയതാണ്.ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ നീക്കം.വിജയ് മല്യ, നീരവ് മോദി,സഞ്ജയ് ഭണ്ഡാരി തുടങ്ങിയ പിടികിട്ടാ പുള്ളികൾ നിലവിൽ രാജ്യംവിട്ട് ബ്രിട്ടനിലാണ് കഴിയുന്നത്