ഏഴുമാസം ക്രൂര പീഡനം തുടർന്നുവെന്ന് പെൺകുട്ടി
ചെന്നൈ. തമിഴ് നാട് ചെന്നൈയിൽ വീട്ടുജോലിയ്ക്കെത്തിയ ദളിത് പെൺകുട്ടിയ്ക്ക് ക്രൂരമായ പീഡനം. സംഭവത്തിൽ ഡിഎംകെ പല്ലാവരം എംഎൽഎ ഐ കരുണാനിധിയുടെ മകൻ ആൻ്റോ, മരുമകൾ മെർലിൻ എന്നിവർക്കെതിരെ നീലങ്കര വനിതാ പൊലിസ് കേസ് രജിസ്റ്റർ ചെയ്തു. പെൺകുട്ടി സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്ത ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
തിരുവാണ്മിയൂരിലെ ഫ്ളാറ്റിലേയ്ക്ക് വീട്ടുജോലിയ്ക്കായി ഏപ്രിൽ മാസത്തിലാണ് പെൺകുട്ടി എത്തുന്നത്. പന്ത്രണ്ടാം ക്ളാസ് കഴിഞ്ഞ പെൺകുട്ടിയ്ക്ക് പഠിയ്ക്കാനുള്ള സാമ്പത്തിക സഹായവും സാഹചര്യവും ഒരുക്കാമെന്നും ദമ്പതികൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ കൊടിയ പീഡനമാണ് പെൺകുട്ടിയ്ക്ക് നേരിടേണ്ടി വന്നത്. സിഗരറ്റ് കൊണ്ടു പൊള്ളിച്ചും മുളക് പൊടി കലക്കിയ വെള്ളം കുടിപ്പിച്ചും പുലർച്ചെ വരെ ജോലി ചെയ്യിക്കുമായിരുന്നുവെന്ന് പെൺകുട്ടി വീഡിയോയിൽ പറയുന്നു. പുറത്തുപറഞ്ഞാൽ കുടുംബത്തെ നശിപ്പിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.
രക്ഷപ്പെട്ട് ഉളുന്തൂർപേട്ടിലെ ആശുപത്രിയിൽ പെൺകുട്ടി ചിക്തിസ തേടി. അവിടെയെത്തിയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത്. പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ അഞ്ച് വകുപ്പുകളിലാണ് നിലവിൽ കേസ് രജിസ്റ്റർ ചെയ്തത്. മകനും ഭാര്യയും ഏഴുവർഷമായി അവിടെയാണ് താമസമെന്നും കേസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയില്ലെന്നും പരാതിയിൽ കഴമ്പുണ്ടെങ്കിൽ പൊലിസിന് നടപടി സ്വീകരിയ്ക്കാമെന്നും ഐ കരുണാനിധി എംഎൽഎ പ്രതികരിച്ചു.