രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ ലഡുവും പേഡയും വിതരണം ആമസോണിന് നോട്ടീസ്

Advertisement

രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്‍പ്പന നടത്തിയ ആമസോണിന് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആമസോണിന് നോട്ടീസയച്ചതിന് പിന്നാലെ വില്‍പ്പനക്കാര്‍ക്കെതിരെ നടപടി ആരംഭിച്ചതായി ആമസോണ്‍ അറിയിച്ചു.  
‘ശ്രീരാമമന്ദിര്‍ അയോധ്യാ പ്രസാദ്’ എന്ന പേരില്‍ വില്‍പ്പനക്കാര്‍ ആമസോണ്‍ വഴി മധുരപലഹാരങ്ങള്‍ വില്‍ക്കുന്നവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസയച്ചത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ നിന്ന് പ്രസാദത്തിന്റെ മറവില്‍ ആമസോണ്‍ മധുരപലഹാരങ്ങള്‍ വിറ്റ് തട്ടിപ്പ് നടത്തുന്നുവെന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് പരാതി നല്‍കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് ആമസോണിനോട് നോട്ടീസില്‍ പറഞ്ഞിരുന്നത്. പ്രതികരണം ലഭിച്ചില്ലെങ്കില്‍ 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിന്റെ വ്യവസ്ഥകള്‍ പ്രകാരം സ്ഥാപനം നടപടി നേരിടേണ്ടിവരുമെന്നും നോട്ടീസില്‍ പറയുന്നു. നിരവധി ഉല്‍പന്നങ്ങള്‍ ഇത്തരത്തില്‍ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരില്‍ ആമസോണില്‍ വില്‍ക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു. ശ്രീ റാം മന്ദിര്‍ അയോധ്യ പ്രസാദമെന്ന പേരില്‍ ലഡുവും പേഡയുമാണ് വിതരണം ചെയ്യുന്നത്.