രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് സുരക്ഷ ശക്തമാക്കി പൊലീസ്‌

Advertisement

അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് സുരക്ഷ ശക്തമാക്കി പൊലീസ്. സുരക്ഷയുടെ ഭാഗമായി 13000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അയോധ്യയില്‍ വിന്യസിച്ചത്. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
നാളെ ഉച്ചയ്ക്കാണ് പ്രതിഷ്ഠാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി, നടന്‍ അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങി നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. 13000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിന് പുറമേ 10000 സിസിടിവി ക്യാമറകളാണ് പ്രദേശത്ത് സ്ഥാപിച്ചത്. എഐ അധിഷ്ഠിത ക്യാമറകള്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുക.
ലതാ മങ്കേഷ്‌കര്‍ ചൗക്കില്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയാണ് വിന്യസിച്ചത്. സരയൂ നദിയില്‍ പൊലീസ് ബോട്ട് പട്രോളിങ് നടത്തും. ആന്റി ബോംബ്, ഡോഗ് സ്‌ക്വാഡുകളും സ്ഥലത്ത് ക്യാമ്പ് ചെയ്യും. 51 ഇടത്താണ് പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 22,875 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. സുരക്ഷയുടെ ഭാഗമായി ഡ്രോണ്‍ നിരീക്ഷണവും നടത്തും.

Advertisement