ശ്രീരാമ ദര്‍ശനപുണ്യം തേടി ജനപ്രവാഹം

Advertisement

അയോധ്യ. ശ്രീരാമക്ഷേത്രത്തിൽ ദർശനത്തിനായി വൻ ജനത്തിരക്ക്. ആയിരക്കണക്കിന് ആളുകൾ മണിക്കൂറുകളോളം ആയി കാത്തു നിൽക്കുകയാണ്. ഇന്ന് രാവിലെ ആയിരുന്നു ശ്രീരാമ ക്ഷേത്രത്തിൽ പൊതുജനങ്ങൾക്കുള്ള ദർശനം ആരംഭിച്ചത്. തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ വേണമെന്ന് സുരക്ഷ ഏജൻസികൾ ക്ഷേത്ര ട്രസ്റ്റിനെ അറിയിച്ചു.

സകല നിയന്ത്രണങ്ങളും ഭേദിച്ചുകൊണ്ടാണ് ആയിരക്കണക്കിന് വിശ്വാസികൾ പുലർച്ചെ മുതൽ ശ്രീരാമക്ഷേത്രത്തിലേക്ക് പ്രവഹിക്കുന്നത്. സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്ക് മണിക്കൂറുകളോളം ദർശനത്തിനായി ക്യൂ നിൽക്കേണ്ടിവരുന്നു എന്നതാണ് അവസ്ഥ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തമ്പടിച്ചിരുന്നവർ എല്ലാം ദർശനത്തിനായി രാവിലെ മുതൽ നഗരത്തിലേക്ക് എത്തിത്തുടങ്ങി. താത്കാലിക ക്ഷേത്രത്തിലെ എല്ലാ പൂജകളും നിത്യപൂജകളായി പുതിയ ശ്രീരാമ ക്ഷേത്രത്തിലും നടന്നു. ഇനിയുള്ള ദിവസങ്ങളിൽ രാവിലെ ഏഴ് മുതല്‍ 11.30 വരെയും ഉച്ചയ്‌ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴ് വരെയും ആകും ദര്‍ശനം .

ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തെങ്കിലും ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളെ അത് ബാധിച്ചിട്ടില്ല. മൂന്നാം നിലയുടെ നിർമ്മാണ പ്രവർത്തികൾ ഇന്നും തുടർന്നു. സിആർപിഎഫ് ക്ഷേത്രത്തിന്റെ സുരക്ഷാച്ചു മുതല ഇന്ന് മുതൽ സംസ്ഥാന പോലീസിന് കൈമാറി. ഏതാനും ആഴ്ചകൾ കൂടി സിആർപിഎഫ് സംസ്ഥാന പോലീസിനൊപ്പം ക്ഷേത്രത്തിൽ തുടരും. തിരക്ക് അനിയന്ത്രിതമാകുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കൂടുതൽ ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഉള്ള നിർദ്ദേശത്തിൽ സുരക്ഷാ ഏജൻസികൾ ട്രസ്റ്റ് അധികാരികളുടെ അഭിപ്രായം തേടി .

Advertisement