ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക്… ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി

Advertisement

ഹണിമൂണിന് ഗോവയിലേക്ക് കൊണ്ടുപോകുന്നതിന് പകരം അയോധ്യയിലേക്ക് കൊണ്ടുപോയതിന് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി യുവതി. മധ്യപ്രദേശില്‍ ആണ് സംഭവം. അഞ്ചുമാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. യാത്ര കഴിഞ്ഞ് മടങ്ങിയെത്തി പത്തുദിവസത്തിന് ശേഷം ജനുവരി 19ന് ഭോപ്പാല്‍ കുടുംബകോടതിയില്‍ വിവാഹമോചന കേസ് എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
ഭര്‍ത്താവ് ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും തരക്കേടില്ലാത്ത ശമ്പളമുള്ളതായും യുവതി പറയുന്നു. യുവതിക്കും ജോലിയുണ്ട്. കല്യാണത്തിന് ശേഷം ഹണിമൂണിനായി വിദേശത്തേയ്ക്ക് പോകാനായിരുന്നു ആഗ്രഹം. വിദേശത്തേയ്ക്ക് പോകുന്നതിന് പണത്തിന് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നും യുവതി പറയുന്നു.
എന്നാല്‍ മാതാപിതാക്കളെ നോക്കാനുള്ളത് കാരണം ഇന്ത്യയ്ക്ക് വെളിയിലേക്ക് പോകാന്‍ കഴിയില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു. പകരം ഇന്ത്യയില്‍ എവിടെയെങ്കിലും കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. ഒടുവില്‍ ഗോവയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇരുവരും തീരുമാനിച്ചു. എന്നാല്‍ ഗോവയ്ക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പകരം അയോധ്യയിലേക്കും വാരാണസിയിലേക്കുമാണ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.
വിമാന ടിക്കറ്റ് ബുക്ക് ചെയ്ത കാര്യം തന്നോട് പറഞ്ഞില്ല. ട്രിപ്പിന് തൊട്ടുമുന്‍പത്തെ ദിവസമാണ് ടൂര്‍ പ്ലാന്‍ മാറ്റിയ കാര്യം അറിയിച്ചത്. രാമക്ഷേത്ര പ്രതിഷ്ഠാ കര്‍മ്മത്തിന് മുന്‍പ് അയോധ്യ സന്ദര്‍ശിക്കണമെന്ന് അമ്മയ്ക്ക് ആഗ്രഹമുള്ള കാര്യം അറിയിച്ചു. ആ സമയത്ത് ഇതിനോട് എതിര്‍പ്പ് ഉന്നയിച്ചില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
എന്നാല്‍ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. നിലവില്‍ ഭോപ്പാല്‍ കുടുംബകോടതിയില്‍ കൗണ്‍സിലിങ്ങില്‍ പങ്കെടുത്ത് വരികയാണ് നവദമ്പതികള്‍.