ബീഹാറില്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ രാജിവെച്ചു. ബിജെപി പിന്തുണയോടെ ഇന്ന് വൈകുന്നേരം വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ബിഹാറില്‍ ബിജെപി പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ജെഡിയുവിന് മുന്നില്‍ ബി ജെ പി നിബന്ധന വെച്ചിരുന്നു. നിതിഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷമേ പിന്തുണച്ചുകൊണ്ടുള്ള കത്ത് നല്‍കുവെന്നാണ് ബിജെപി നിലപാട് എടുത്തത്. ഇതേ തുടര്‍ന്ന് നിതീഷ് കുമാര്‍ രാജി നല്‍കുകയായിരുന്നു. .ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് രേണു ദേവിയുടെയും തര്‍ക്കിഷോര്‍ പ്രസാദിന്റെയും പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും പ്രസാദിന് പകരം സുശീല്‍ മോഡിയെ തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് ജെ ഡി യുവും ബിജെപിയും തമ്മിലുള്ള കൂടിയാലോചനകള്‍ക്ക് ശേഷം പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കി.
ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നിതിഷ് കുമാര്‍ ബിജെപി പാളയത്തിലേക്കെത്തുന്നത്. ജെഡിയുവിലെ തന്നെ ഒരു വിഭാഗം ഇപ്പോഴും നിതിഷിനെ പിന്തുണയ്ക്കുന്നില്ല. എന്നാല്‍ ഏത് സാഹചര്യത്തെയും നേരിടാമെന്ന ആത്മവിശ്വാസം ബിജെപി നിതിഷിന് നല്‍കുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നിര്‍ണായക നീക്കങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും നിതിഷ് കുമാറിന് അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്. അമിത് ഷായുടെ തന്ത്രപരമായ ഇടപെടലുകളും ബിഹാര്‍ മഹാസഖ്യത്തിന്റെ പതനത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.