വീണ്ടും ദുരഭിമാനകൊല,സഹോദരിയെയും സുഹൃത്തിനെയും വെട്ടിക്കൊന്നു,യുവാവിന്‍റെ തലവെട്ടി എടുത്തു, തടഞ്ഞ മാതാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി

Advertisement
ചെന്നൈ.തമിഴ് നാട്ടിൽ വീണ്ടും ദുരഭിമാനകൊല. ഇതര സമുദായത്തിൽപെട്ടയാളെ പ്രേമിച്ചതിന്, സഹോദരിയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി.  തിരുമംഗലം കൊമ്പാടി സ്വദേശികളായ സതീഷ് കുമാർ, മഹാലക്ഷ്മി എന്നിവരാണ് കൊല്ലപ്പെട്ടത്. മഹാലക്ഷ്മിയുടെ മാതാവ് ശെൽവിയുടെ കൈപ്പത്തിയും വെട്ടിയെടുത്തു. പ്രതിയായ പ്രവീൺകുമാറിനു വേണ്ടി പൊലിസ് തിരച്ചിൽ ആരംഭിച്ചു. 

വർഷങ്ങളായി പ്രണയത്തിലായിരുന്നു സതീഷും മഹാലക്ഷ്മിയും. രണ്ട് സമുദായത്തിൽപ്പെട്ടവരായതിനാൽ വീട്ടുകാർ വിവാഹത്തെ എതിർത്തു. തുടർന്ന് മഹാലക്ഷ്മിയെ മറ്റൊരാൾക്ക് വിവാഹം കഴിച്ചു നൽകുകയും ചെയ്തു. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ മഹാലക്ഷ്മി സ്വന്തം വീട്ടിൽ തിരിച്ചെത്തി. സതീഷ് കുമാറുമായുള്ള ബന്ധം തുടരുകയും ചെയ്തു. സഹോദരനായ പ്രവീൺകുമാർ നിരവധി തവണ ഇരുവരെയും ബന്ധത്തിൽ നിന്ന് വിലക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇരുവരും ഇത് കാര്യമായി എടുത്തില്ല.

ഇന്നലെ രാത്രിയിൽ സതീഷ് ജോലി കഴിഞ്ഞ വീട്ടിലേയ്ക്ക് മടങ്ങവെ, കണ്ണിൽ മുളകുപൊടി വിതറി, പ്രവീൺ വെട്ടിക്കൊലപ്പെടുത്തി. ശേഷം തല വെട്ടിയെടുത്ത് സമീപത്ത് ക്ഷേത്രത്തിനടുത്തുള്ള വേദിയിൽ കൊണ്ടുപോയി വച്ചു. അതിനു ശേഷം വീട്ടിലേയ്ക്ക് എത്തിയ പ്രവീൺ മഹാലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച മാതാവ് ശെൽവിയുടെ കൈപ്പത്തി വെട്ടിയെടുത്ത് ഓടി രക്ഷപ്പെട്ടു. ശെൽവി മധുര രാജാജി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സതീഷിൻ്റെയും മഹാലക്ഷ്മിയുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഡിഎസ് പി വസന്തകുമാറിൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് കൂടകോവിൽ പൊലിസ് കേസന്വേഷിയ്ക്കുന്നത്. 
Advertisement