തമിഴകത്തിന്റെ പ്രിയ നേതാക്കളായ എംജിആറിന്റെയും ജയലളിതയുടെയും സമാനപാതയിലൂടെയാണ് നടന്‍ വിജയ്യും തന്റെ രാഷ്ട്രീയ പ്രവേശനം സാധ്യമാക്കുന്നത്. വിജയ് തമിഴക വെട്രി കഴകം എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനോടൊപ്പം അഭിനയ രംഗം വിടുകയാണെന്ന സൂചനയും നല്‍കുന്നുണ്ട്. പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന വിജയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതുവരെ കരാറായിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയം ഉപേക്ഷിക്കുമെന്ന് വിജയ് പുറത്തു വിട്ട കത്തില്‍ പറയുന്നു.
ഇതുവരെ കരാറായിരിക്കുന്ന സിനിമകള്‍ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ തന്നെ പൂര്‍ത്തിയാക്കാന്‍ നോക്കും. ശേഷം തന്റെ സേവനം പൂര്‍ണമായും തമിഴ് രാഷ്ട്രീയത്തിലായിരിക്കുമെന്നും പൊതുജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്നും വിജയ് പറയുന്നു. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അഭിനയത്തില്‍ നിന്ന് ഇടവേളയെടുക്കുമെന്നാണ് വിജയ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കില്‍ ദളപതി 69 ആയിരിക്കും താരത്തിന്റെ അവസാന ചിത്രം. ഇപ്പോള്‍ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ദി ഓള്‍ ടൈമിന് ശേഷമാകും ദളപതി 69ന്റെ ചിത്രീകരണം ആരംഭിക്കുക. എന്നാല്‍ ഈ ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.