മരിച്ചുവെന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചതില്‍ മാപ്പ് പറഞ്ഞ് നടിയും മോഡലുമായ പൂനം പാണ്ഡെ. താന്‍ മരിച്ചിട്ടില്ലെന്നും സെര്‍വിക്കല്‍ കാന്‍സറിന്റെ ബോധവത്കരണത്തിന്റെ ഭാഗമായാണ് അങ്ങനെയൊരു പോസ്റ്റിട്ടതെന്നും നടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടത് താനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘എല്ലാവരും എന്നോട് ക്ഷമിക്കണം, ഞാന്‍ സൃഷ്ടിച്ച കോലാഹലത്തിനും വേദനിപ്പിച്ച എല്ലാവരോടും മാപ്പ് ചോദിക്കുന്നു. സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചുള്ള ചര്‍ച്ച സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്റെ മരണ വാര്‍ത്തയിലൂടെ എല്ലാവരേയും കബളിപ്പിച്ചു. അതു അങ്ങേയറ്റമാണെന്ന് എനിക്ക് അറിയാം. പക്ഷെ പെട്ടെന്ന് നമ്മള് എല്ലാവരും സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ചു സംസാരിച്ചു. അതുകൊണ്ട് ഈ രോഗത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
വെള്ളിയാഴ്ച നടിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മരിച്ചുവെന്ന് തരത്തിലുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ഞങ്ങളെ സംബന്ധിച്ച് ഏറ്റവും വേദനയേറിയെ പ്രഭാതമാണ് ഇന്ന്. സെര്‍വിക്കല്‍ കാന്‍സര്‍ ബാധയെ തുടര്‍ന്ന് പ്രിയപ്പെട്ട പൂനത്തെ ഞങ്ങള്‍ക്ക് നഷ്ടമായി. പരിശുദ്ധമായ സ്നേഹത്തോടെയും കരുണയോടെയുമാണ് പൂനം ഈ ലോകത്തിലെ ഏതൊരു ജീവനേയും നേരിട്ടിട്ടുള്ളത്’, എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റിലുണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ മരിച്ചുവെന്ന് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് നടിക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാവുകയാണ്.