ചെന്നൈ. ജനങ്ങൾക്ക് ഗുണകരമായ രീതിയിൽ മാറേണ്ടത് രാഷ്ട്രീയമാണെന്നും ജനങ്ങളല്ലെന്നും അതിനുവേണ്ടിയാണ് ശ്രമമെന്നും ആവർത്തിച്ചുകൊണ്ട് തമിഴ് നാട്ടിലെ രാഷ്ട്രീയ രംഗത്തേയ്ക്ക് നടൻ വിജയ് കൂടി എത്തുന്നു. ഇന്നലെയാണ് തമിഴക വെട്രി കഴകമെന്ന പേരിൽ പാർട്ടി പ്രഖ്യാപിച്ചത്. എപ്പോഴും സിനിമയിലും വേദികളിലും താരം പറയുന്ന രാഷ്ട്രീയം സാധാരണക്കാരനു വേണ്ടിയായിരുന്നു.
തൻ്റെ രാഷ്ട്രീയ പ്രവേശനം വിജയ് പ്രഖ്യാപിച്ചത് നിലവിലെ തമിഴക രാഷ്ട്രീയ ശൈലിയിലല്ല. വളരെ ലളിതമായായിരുന്നു ആ കര്‍മ്മം. ലക്ഷങ്ങൾ മുടങ്ങി പ്രഖ്യാപന സമ്മേളനം നടത്താതെ ഒരു പ്രസ്താവനയിൽ കാര്യങ്ങൾ ഒതുക്കിയത് വിജയുടെ ഏഴൈ തോഴൻ ഇമേജിൻ്റെ ഭാഗം തന്നെ. അതു തന്നെയാണ് സാധാരണക്കാരായ ജനങ്ങൾ വിജയിൽ നിന്നും പ്രതീക്ഷിയ്ക്കുന്ന രാഷ്ട്രീയവും.
വിജയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് സമിശ്ര പ്രതികരണമാണ്. രാഷ്ട്രീയത്തിലേക്ക് വിജയെ സ്വാഗതം ചെയ്യുമ്പോഴും സിനിമയല്ല രാഷ്ട്രീയമെന്ന ഓർമപ്പെടുത്തലുകളുമുണ്ട് അതിൽ. എല്ലാ രാഷ്ട്രീയ പാർട്ടികളും സിനിമാ താരങ്ങളും വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കൃത്യമായ കാഴ്ചപാടുകൾ പറയുന്നുണ്ട്. ഡിഎംകെയും അണ്ണാ ഡിഎംകെയും വിമർശനത്തോടെയാണ് പാർട്ടി പ്രഖ്യാപനത്തിന് ആശംസകൾ നേർന്നത്. 2026 ലെ തെരഞ്ഞെടുപ്പിൽ ആര് പുതിയ പാർട്ടിയുമായി വന്നാലും അണ്ണാ ഡി എം കെയെ തകർക്കാൻ കഴിയില്ലെന്ന് മുൻ മന്ത്രിയും എ ഡി എം കെ മുതിർന്ന നേതാവുമായ ഡി ജയകുമാർ പറഞ്ഞു. പ്രശസ്തികൊണ്ട് മാത്രം രാഷ്ട്രീയത്തിൽ പിടിച്ചു നിൽകാൻ സാധിയ്ക്കില്ലെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പ്രതികരിച്ചു. ജനാധിപത്യ ഇന്ത്യയിൽ ആർക്കും പാർട്ടി ആരംഭിക്കാമെന്നും വിജയാശംസകൾ എന്നും മന്ത്രി ഉദയനിധി സ്റ്റാലിനും പറഞ്ഞു. വിജയുടെ വരവ് രാഷ്ട്രീയത്തിൽ ആരോഗ്യകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു.
പ്രതികരണങ്ങൾ അങ്ങനെ തുടരുമ്പോഴും അതിനൊന്നും ശ്രദ്ധ കൊടുക്കാതെ പാർട്ടിയുടെ അടിസ്ഥാനം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ആദ്യഘട്ടത്തിൽ തന്നെ വിജയ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ഒരു കോടി അംഗങ്ങളെ പാർട്ടിയിൽ ചേർക്കുകയെന്ന ദൗത്യമാണ് വിജയ് പാർട്ടി പ്രവർത്തകർക്ക് നൽകിയിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള നൂതന സങ്കേതങ്ങൾ ഉപയോഗിച്ചാണ് ആദ്യഘട്ടം മുതൽ തന്നെ തമിഴക വെട്രി കഴകത്തിൻ്റെ പ്രവർത്തനം. വിജയ് മക്കൾ ഇയക്കത്തിൻ്റെ പ്രവർത്തകരിൽ ഭൂരിഭാഗവും പാർട്ടിയിലെ അംഗങ്ങളുമായി കഴിഞ്ഞു. ഇവരെ ഉപയോഗിച്ചാണ് കൂടുതൽ പേരെ പാർട്ടിയിലേയ്ക്ക് എത്തിയ്ക്കുന്നത്. യുവതലമുറയെ ലക്ഷ്യം വച്ചാണ് വിജയുടെ പ്രാഥമിക പ്രവർത്തനങ്ങൾ.
വരും ദിവസങ്ങളിൽ പ്രവർത്തകരുടെ യോഗങ്ങൾ ചേർന്ന് സംസ്ഥാന സമിതിയ്ക്കും ജില്ലാ ഘടകങ്ങൾക്കുമൊക്കെ രൂപം നൽകും. പാർട്ടിയുടെ പ്രവർത്തന ശൈലി, മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ അങ്ങനെ ചോദ്യങ്ങൾ നിരവധി ഉയരുന്നുണ്ട്. എല്ലാത്തിനും വരും ദിവസങ്ങളിൽ താരം തന്നെ മറുപടി നൽകുമെന്നാണ് പ്രതീക്ഷ.