കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ വനിതാ തടവുകാര്‍ക്കിടയില്‍ ഗര്‍ഭിണികളുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
വിവിധ ജയിലുകളില്‍ ഇതിനകം 196 കുട്ടികള്‍ ജനിച്ചുവെന്നും വനിതകളുടെ തടവറകളില്‍ പുരുഷന്മാരായ ജീവനക്കാര്‍ പ്രവേശിക്കുന്നത് തടയണമെന്നും അമിക്കസ് ക്യൂറി തപസ് ഭഞ്ച വ്യാഴാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ വനിത തടവുകാര്‍ എങ്ങനെയാണ് ജയിലിനുള്ളില്‍ ഗര്‍ഭിണികളായതെന്നും അത് ഏത് സമയത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അടിസ്ഥാന വൈദ്യ സംവിധാനങ്ങളൊന്നുമില്ലാതെ തന്നെ ജയിലില്‍ 196 കുട്ടികള്‍ ജനിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ജയിലുകളിലെ അവസ്ഥയെ കുറിച്ച് പഠിക്കണമെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തപസ് ഭഞ്ചയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് ടി.എസ് ശിവജ്ഞാനം, ജസ്റ്റീസ് സുപ്രതീം ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിഷയം തിങ്കളാഴ്ച പരിഗണിക്കും. തടവില്‍ കഴിയവേ ഇത്തരത്തില്‍ ഗര്‍ഭം ധരിക്കുന്നത് ഗുരുതരമായ വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജയിലിലെത്തുന്ന സ്ത്രീകള്‍ ഗര്‍ഭിണികളാണോ എന്ന് പരിശോധിച്ച് ഉറപ്പ്വരുത്താന്‍ കോടതി ഉത്തരവിടണമെന്നും ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഇത് നിരീക്ഷിക്കണമെന്നും അമിക്കസ് ക്യുറി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു. അലിപോറിലെ വനിതാ ജയിലില്‍ നിലവില്‍ 15 കുട്ടികള്‍ കഴിയുന്നുണ്ട്. 10 ആണ്‍കുട്ടികളും അഞ്ച് പെണ്‍കുട്ടികളും. ഇവരില്‍ ചിലര്‍ തടവറയ്ക്കുള്ളില്‍ തന്നെയാണ് പ്രസവിച്ചത്.
സ്ത്രീകളുടെ വാര്‍ഡുകളില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ തടവുകാരെ പാര്‍പ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദം ദം സെന്‍ട്രല്‍ ജയിലില്‍ 400 സ്ത്രീകളാണ് ഉണ്ടായിരുന്നത്. തിരക്ക് കൂടുതല്‍ ആയതിനാല്‍ 90 പേരെ അലിപോറിലെ വനിതാ ജയിലിലേക്ക് മാറ്റി.
റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സംസ്ഥാന അഡ്വക്കേറ്റ് ജനറലിനും കൈമാറി. സംസ്ഥാനത്തെ ജയിലുകളിലുകളില്‍ നിശ്ചിത എണ്ണം തടവുകാരില്‍ കൂടഡുതല്‍ പേരെ പാര്‍പ്പിക്കുന്നുവെന്ന പരാതി പരിശോധിക്കാനാണ് 2018ല്‍ അമിക്കസ് ക്യൂറിയെ കോടതി നിയോഗിച്ചത്.