ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണം, അസന്നിഗ്ദധമായി വിധിച്ച് സുപ്രീം കോടതി

Advertisement

ന്യുഡല്‍ഹി: പേര് വെളിപ്പെടുത്താതെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ടറല്‍ ബോണ്ട് പദ്ധതിയില്‍ നിര്‍ണായക വിധി പ്രസ്താവവുമായി സുപ്രീം കോടതി.

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കണമെന്ന് അസന്നിഗ്ദധമായി വിധിച്ച സുപ്രീം കോടതി, കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടിയാണ് നല്‍കിയത്. കള്ളപ്പണം തടയാനുള്ള ഏക മാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ട്. സംഭാവന നല്‍കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേര് മറച്ചുവയ്ക്കുന്നത് ഭരണഘടനയുടെ അനുഛേദം 19എ പ്രകാരമുള്ള അറിയാനുള്ള അവകാശത്തിന്റെ ലംഘനമാണെന്ന് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി. ഐക്യകണേ്ഠനയുള്ള വിധിയാണ് കോടതി നടത്തിയിരിക്കുന്നത്.

കള്ളപ്പണം തടയാനെന്ന പേരില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശം തടയാനാവില്ല. ബോണ്ട് വാങ്ങുന്നവരുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ലംഘനമാണ്. നിഷ്പക്ഷവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പ് വ്യവസ്ഥയില്‍ ഇത് യോജിക്കില്ല. കള്ളപ്പണം തടയുന്നു എന്ന വാദം ജനങ്ങളുടെ അറിയാനുള്ള അവകാശം ലംഘിക്കുന്നതിന് ന്യായീകരണമാകുന്നില്ലെന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ നല്‍കുന്നത് ആരാണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. അത് ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കമ്ബനികള്‍ സംഭാവന നല്‍കുന്നതില്‍ കൊണ്ടുവന്ന കമ്ബനീസ് നിയമഭേദഗതി അംഗീകരിക്കാനാവില്ല. വ്യക്തികളേക്കാള്‍ കമ്ബനികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ അവര്‍ നല്‍കുന്ന സംഭാവനയില്‍ നിക്ഷിപ്ത താല്‍പര്യമുണ്ടാകും. അത് ബിസിനസ് ഇടപാടുകളാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയും. എന്നാല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്ബനികള്‍ക്ക് സംഭാവന നല്‍കാന്‍ കഴിയില്ല. വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരുപോലെ പരിഗണിക്കുന്നത് അംഗീകരിക്കാനാവില്ല.

ഇലക്ടറല്‍ ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നത് നിര്‍ത്തിവയ്ക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

2017ലെ ബജറ്റിലാണ് ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്ലി ഇലക്ടറല്‍ ബോണ്ട് നിര്‍ദേശം കൊണ്ടുവന്നത്. 2018 ജനുവരി രണ്ടിനാണ് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പണമായി സംഭാവന നല്‍കുന്നതിന് പകരം ഇലക്ടറല്‍ ബോണ്ട് പദ്ധതി കൊണ്ടുവന്ന് വിജ്ഞാപനമിറക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഫണ്ടിംഗില്‍ സുതാര്യത വരുത്തുന്നതിനാണ് ഈ നടപടിയെന്നാണ് കേന്ദ്രനിലപാട്. ഇതുപ്രകാരം, ഇന്ത്യന്‍ പൗരനായ ഏതൊരു വ്യക്തിക്കും രാജ്യത്ത് വ്യവസ്ഥാപിതമായ ഏതൊരു സ്ഥാപനത്തിനും ഒറ്റയ്ക്കോ കൂട്ടായോ അംഗീകൃത ബാങ്ക് വഴി ബോണ്ട് വാങ്ങി പാര്‍ട്ടികള്‍ക്ക് നല്‍കാന്‍ സാധിക്കും.

എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടക്കം മുതല്‍ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന നല്‍കുന്നവര്‍ ആരാണെന്ന് അറിയാന്‍ കഴിയില്ലെന്നതാണ് കമ്മീഷന്റെ വിലയിരുത്തല്‍. 2017 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന ലഭിച്ചതില്‍ 57 ശതമാനവും ബി.ജെ.പിക്കായിരുന്നു.

1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29എ പ്രകാരം രജിസ്റ്റര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളായിരിക്കണം. തൊട്ടുമുന്‍പ് നടന്ന ലോക്സഭാ/ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് ഒരു ശതമാനമെങ്കിലും വോട്ട് നേടിയ പാര്‍ട്ടി ആണെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ബോണ്ട് സ്വീകരിക്കാന്‍ യോഗ്യതയുണ്ടാവൂ. ഏതെങ്കിലും അംഗീകൃത ബാങ്കിലെ അക്കൗണ്ട് വഴിയായിരിക്കണം ബോണ്ട് വാങ്ങേണ്ടത്.

2019 ഏപ്രില്‍ ആണ് ഈ പദ്ധതി ചോദ്യം ചെയ്ത കോണ്‍ഗ്രസിലെ ജയ താക്കൂറും സിപിഎമ്മും എന്‍ജിഒ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയും കോടതിയെ സമീപിച്ചത്.

Advertisement