ചെന്നൈ. ബഹിരാകാശത്ത് വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യ. കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇൻസാറ്റ് ത്രീ ഡിഎസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും വൈകിട്ട് 5.35നായിരുന്നു വിക്ഷേപണം. അതി നൂതന സങ്കേതങ്ങൾ ഉപയോഗിച്ച് കാലാവസ്ഥാ നിരീക്ഷണം കൃത്യമായി നടത്തുകയാണ് ഇൻസാറ്റ് ത്രീ ഡിഎസിൻ്റെ ദൗത്യം.
സതീഷ് ധവാൻ സ്പേസ് സെൻ്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നും കുതിച്ച ജിഎസ്എൽവി എഫ് 14 18 മിനിറ്റും ഏഴു സെക്കൻഡുകളും കൊണ്ട് ദൗത്യം പൂർത്തിയാക്കി. യാത്രയിലെ മൂന്ന് ഘട്ടങ്ങളും വിജയകരമായി പൂർത്തീകരിച്ച് ഇൻസാറ്റ് ത്രീ ഡിഎസിനെ ജിയോസിംക്രനൈസ്ഡ് ഓർബിറ്റിൽ എത്തിച്ചു. ദൗത്യം വിജയമെന്ന് പ്രഖ്യാപിച്ച് ഐഎസ്ആർഒ.
ഇൻസാറ്റ് ത്രീ ഡിഎസിൽ ഉപഗ്രഹത്തിൽ നാല് പേ-ലോഡുകളാണ് ഉള്ളത്. എർത്ത് ഡിസ്കിന്റെ ചിത്രങ്ങൾ നൽകുന്ന സിക്സ് ചാനൽ ഇമേജർ, മേഘങ്ങളുടെ ഈർപ്പവും താപനിലയും മനസ്സിലാക്കാനാകുന്ന 19 ചാനൽ സൗണ്ടർ, വിവിധ കാലാവസ്ഥ നിലയങ്ങളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്ന ഡാറ്റ റിലേ ട്രാൻസ്പോണ്ടർ,
അപകടത്തിൽ പെടുന്ന നാവിക വ്യോമ ഉപകരണങ്ങളെ കണ്ടെത്താനാവുന്ന സാറ്റലൈറ്റ് എയ്ഡഡ് സെർച്ച് ആൻഡ് റെസ്ക്യൂ ട്രാൻസ്പോണ്ടർ. ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹങ്ങളുടെ ശ്രേണിയിലേയ്ക്ക് ഇത്തരം അതി നൂതന സങ്കേതങ്ങളുമായാണ് ഇൻസാറ്റ് ത്രീ ഡിഎസ് എത്തുന്നത്. മുൻ തലമുറയിലെ ഇൻസാറ്റ് ത്രീ ഡി, ഇൻസാറ്റ് ത്രി ഡിആർ എന്നിവയ്ക്കൊപ്പം ഇനി ഇൻസാറ്റ് ത്രീ ഡിഎസും കാലാവസ്ഥയെ കുറിച്ച് പറഞ്ഞു തുടങ്ങും