കൊല്‍ക്കൊത്ത.അക്ബർ, സീത എന്നിങ്ങനെ സിംഹങ്ങൾക്ക് പേരിട്ടത് തങ്ങളല്ലെന്ന് പശ്ചിമ ബംഗാൾ. സിംഹങ്ങളുടെ പേര് മാറ്റാൻ തയ്യാറാണെന്നും ബംഗാൾ ഹൈക്കോടതിയെ അറിയിച്ചു. വിവാദങ്ങൾ കൊണ്ട് നിറഞ്ഞ ബംഗാളിൽ ഇത്തരത്തിലുള്ള വിവാദങ്ങൾ ഒഴിവാക്കാൻ സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
മൃഗങ്ങൾക്ക് ദൈവങ്ങളുടെ പേരിടാൻ ആകുമോ എന്ന വീക്ഷണത്തോടെയാണ് കേസിനെ ഹൈക്കോടതി പരിഗണിച്ചത്. പട്ടിക്കും പൂച്ചയ്ക്കും ദൈവങ്ങളുടെ പേരിടാറില്ല. സിംഹങ്ങൾക്കും അങ്ങനെ പേരിടുന്നത് അനുചിതമാണ്. സാമൂഹിക സൗഹാർദ്ദം തകർക്കുന്ന പേരുകൾ പൊതു മൃഗശാലകളിൽ മൃഗങ്ങൾക്ക് നൽകരുത്. അക്ബർ ഒന്നും സീത എന്നും സിംഹങ്ങൾക്ക് പേരു നൽകിയതിന്റെ ഉദ്ദേശശുദ്ധിയെ കോടതി ചോദ്യം ചെയ്തു. എന്നാൽ ഇങ്ങനെ സിംഹങ്ങൾക്ക് പേര് നൽകിയത് തങ്ങൾ അല്ലെന്ന് ബംഗാൾ വ്യക്തമാക്കി. ത്രിപുര സർക്കാർ കൈമാറിയ സിംഹങ്ങൾ ആണെന്നും പേരുകൾ അപ്പോൾ തന്നെ ഉണ്ടായിരുന്നതാണെന്നും ബംഗാൾ അറിയിച്ചു. ഹർജി റിട്ടായി പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. പൊതു താൽപര്യ ഹർജിയായി പരിവർത്തനപ്പെടുത്തി സമർപ്പിക്കാൻ ഹർജിക്കാരനോട് നിർദ്ദേശിച്ചു. സിംഹങ്ങളുടെ പേരുമാറ്റുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ബംഗാൾ വ്യക്തമാക്കി