ആഗസ്ത് മുതല്‍ ജി മെയില്‍ സേവനം അവസാനിക്കുമോ?…. പ്രതികരിച്ച് ഗൂഗിള്‍

Advertisement

ആഗസ്ത് മുതല്‍ ജി മെയില്‍ സേവനം അവസാനിക്കുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് ഗൂഗിള്‍. ഇ-മെയില്‍ സേവനമായ ജി-മെയില്‍ തങ്ങള്‍ അടച്ചുപൂട്ടുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. ഗൂഗിള്‍ ജിമെയില്‍ സേവനം അവസാനിപ്പിക്കുകയാണെന്നറിയിച്ചുള്ള ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് എക്സിലും വാട്സാപ്പിലും ടിക് ടോക്കിലുമടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
2024 ആഗസ്ത് ഒന്നിന് ജി മെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്നും ഇമെയിലുകള്‍ അയക്കുന്നതും സ്വീകരിക്കുന്നതും ശേഖരിക്കുന്നതും പിന്തുണയ്ക്കില്ലെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. പുതിയ മാറ്റങ്ങള്‍ക്കനുസരിച്ച് ഗുണമേന്മയുള്ള സേവനം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ജി മെയില്‍ നിര്‍ത്തലാക്കുന്നതെന്നും സ്‌ക്രീന്‍ഷോട്ടിലുണ്ടായിരുന്നു.
എന്നാല്‍ ‘ജി മെയില്‍ ഇവിടെ തന്നെയുണ്ടാവും’ എന്നാണ് ഗൂഗിള്‍ അറിയിച്ചത്. അതേസമയം, നെറ്റ്വര്‍ക്ക് കുറവുള്ള ഇടങ്ങളില്‍ ഇ-മെയില്‍ സേവനം ലഭ്യമാക്കുന്ന ജി മെയിലിന്റെ എച്ച്.ടി.എം.എല്‍ പതിപ്പ് ഈ വര്‍ഷം കമ്പനി നിര്‍ത്തലാക്കിയിട്ടുണ്ട്. എന്നാല്‍, ഗൂഗിളിന്റെ ‘ജി മെയിലി’ന് പുതിയ വെല്ലുവിളിയുമായി ‘എക്സ്മെയിലു’മായി എക്സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക് പുതിയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എക്സ് മെയില്‍ സംവിധാനം എന്ന നിലയില്‍ ‘എക്സ്മെയില്‍’ ഉടന്‍ ആരംഭിക്കുമെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. ഇത് ഗൂഗിളിന്റെ ജി മെയിലിന് കടുത്ത വെല്ലുവിളി ആകുമെന്നും പ്രചാരണമുണ്ട്.