ജമ്മുകശ്മീരിലെ കത്വ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിന്‍ ലോക്കോ പൈലറ്റില്ലാതെ പത്താന്‍കോട്ടിലേക്ക് ഓടിയ സംഭവത്തില്‍ ലോക്കോ പൈലറ്റിനെ നോര്‍ത്തേണ്‍ റെയില്‍വേ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. ലോക്കോ പൈലറ്റായ സന്ദീപ് കുമാറിനെയാണ് സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടത്. അച്ചടക്ക അതോറിറ്റിയായ സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ (ഡിഎംഇ) ആണ് ഇത് സംബന്ധിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്.
സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനീയര്‍ (ഡിഎംഇ) നല്‍കിയ നോട്ടീസില്‍, ലോക്കോ പൈലറ്റായ സന്ദീപ് കുമാര്‍, റെയില്‍വേ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി തന്റെ ചുമതലകള്‍ നിറവേറ്റുന്നതിലും സുരക്ഷിതമായ നടപടികള്‍ പാലിക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ആരോപിച്ചു. ലോക്കോ പൈലറ്റിന്റെ തെറ്റായ നടപടിക്രമങ്ങള്‍ 53 വാഗണുകള്‍ക്കൊപ്പം ട്രെയിനിന്റെ അനിയന്ത്രിതമായ ചലനത്തിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷയ്ക്ക് കാര്യമായ അപകടസാധ്യത സൃഷ്ടിക്കുന്നതായും അറിയിപ്പില്‍ വ്യക്തമാക്കുന്നു.