രാമേശ്വരം കഫെയിൽ നടന്നത് ഐഇഡി സ്ഫോടനമെന്ന് മുഖ്യമന്ത്രി

Advertisement

ബംഗളൂരു. രാമേശ്വരം കഫെയിൽ നടന്നത് ഐഇഡി സ്ഫോടനമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വൈറ്റ് ഫീൽഡിലെ കഫെയിൽ സ്ഫോടനം നടന്നത്. സംഭവത്തിൽ മൂന്ന് ജീവനക്കാർ ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു. സ്ഫോടനത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.


ആദ്യഘട്ടം മുതൽ സ്ഫോടനം സംബന്ധിച്ച് ദുരൂഹത നിലനിന്നിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഹോട്ടലിൽ നിന്നു കണ്ടെത്തിയ ബാഗും സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന ബാറ്ററികളും സംശയം വർധിപ്പിച്ചു. തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്.


ഐജി അശോക് മോഹൻ്റെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം നടക്കുന്നത്. എൻഐഎ, ആഭ്യന്തര സുരക്ഷാ വിഭാഗം, ഫൊറൻസിക്, ബോംബ്, ഡോഗ് സ്ക്വാഡുകൾ എന്നിവയും സ്ഥലത്ത് പരിശോധന നടത്തി. അട്ടിമറി സാധ്യതയ്ക്കൊപ്പം തന്നെ ബിസിനസ് രംഗത്തെ തർക്കം കൂടി സ്ഫോടനത്തിന് പിറകിലുണ്ടോ എന്ന് അന്വേഷിയ്ക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും പ്രതികരിച്ചു. പരുക്കേറ്റവരിൽ നാലുപേർക്ക് നാൽപത് ശതമാനത്തിൽ അധികം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 
Advertisement