ബംഗളൂരു. രാമേശ്വരം കഫെയിൽ ഇന്നലെ നടന്ന ഐഇഡി സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. ബംഗളൂരു സ്വദേശിയായ യുവാവാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് വിവരം.
കടയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതിയെ അന്വേഷണ സംഘം ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
പ്രതിക്കെതിരെ യു എ പി എ ചുമത്തിയിട്ടുണ്ട്. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിൻ്റെ എട്ട് സംഘങ്ങളാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. എൻഐഎ, ആഭ്യന്തര സുരക്ഷാ വിഭാഗം എന്നിവരും ഇന്നലെ കഫെയിൽ പരിശോധന നടത്തിയിരുന്നു.
ആദ്യഘട്ടം മുതൽ സ്ഫോടനം സംബന്ധിച്ച് ദുരൂഹത നിലനിന്നിരുന്നു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ ഹോട്ടലിൽ നിന്നു കണ്ടെത്തിയ ബാഗും സ്ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്ന ബാറ്ററികളും സംശയം വർധിപ്പിച്ചു. തുടർന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ ഐഇഡി സ്ഫോടനമാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്. രാത്രി മാധ്യമങ്ങളെ കണ്ട ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രതിയെ തിരിച്ചറിഞ്ഞ കാര്യവും അറിയിച്ചു. രാത്രി ഏറെ വൈകിയും അന്വേഷണ സംഘം കഫെയിൽ ഉണ്ടായിരുന്നു