ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍. ധാര്‍വാഡ്, ഹുബ്ബള്ളി, ബെംഗളൂരു സ്വദേശികളാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറിയിച്ചു. സ്‌ഫോടക വസ്തു ടൈമര്‍ ഉപയോഗിച്ച് നിയന്ത്രിച്ചെന്നാണ് സംശയം. ടൈമറിന്റെ ചില അവശിഷ്ടങ്ങള്‍ കഫേയില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയെന്ന് സൂചനയുണ്ട്.
പരിക്കേറ്റവരില്‍ നാല്‍പ്പത്തിയാറുകാരിയുടെ കര്‍ണപുടം തകര്‍ന്ന നിലയിലാണ്. അപകടനില തരണം ചെയ്‌തെങ്കിലും കേള്‍വിശക്തി നഷ്ടമായേക്കും. പത്ത് പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റത്. യുഎപിഎ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വൈറ്റ്ഫീല്‍ഡിനടുത്തുള്ള ബ്രൂക്ക് ഫീല്‍ഡിലുള്ള പ്രസിദ്ധമായ രാമേശ്വരം കഫേയില്‍ ഇന്നലെ ഉച്ചയ്ക്ക് 12.56-നാണ് സ്‌ഫോടനമുണ്ടായത്. നിരവധി ആളുകള്‍ വന്ന് പോകുന്ന ഉച്ചഭക്ഷണ നേരത്ത് കൈ കഴുകുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. രണ്ട് സ്ത്രീകളടക്കം മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയവര്‍ക്കും സ്‌ഫോടനത്തില്‍ പരിക്കേറ്റു.