ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് 6 മണിക്ക് പ്രഖ്യാപിക്കും. 150 ഓളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗത്തിന് മുമ്പായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും, സംഘടനാ ചുമതലയുള്ളവരും ബിജെപി കേന്ദ്ര നേതൃത്വവുമായി ചര്‍ച്ച നടത്തി. കെ സുരേന്ദ്രന്‍, വി മുരളീധരന്‍ എന്നിവരും കേന്ദ്രനേതാക്കളെ കണ്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയാകും ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുക.
കേരളത്തിലേത് അടക്കം ചില സീറ്റുകളും ആദ്യ പട്ടികയില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ ആറ് എ പ്ലസ് മണ്ഡലങ്ങളിലാണ് ബിജെപി സാധ്യത കണക്കാക്കുന്നത്. വിജയസാധ്യതയാണ് യോഗത്തില്‍ പ്രധാനമായും പരിഗണിച്ചത്. കഴിഞ്ഞ തവണ മത്സരിച്ച പല പ്രമുഖരെയും ഒഴിവാക്കി പുതുമുഖങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ തവണ 303 സീറ്റുകളാണ് ബിജെപി വിജയിച്ചത്.