ന്യൂഡെല്‍ഹി. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ച് ബിജെപി. 16 സംസ്ഥാനങ്ങളിലെ 195 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 34 കേന്ദ്രമന്ത്രിമാരും രണ്ട് മുൻ മുഖ്യമന്ത്രിമാരും ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചു. പ്രധാന മന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ തന്നെ മത്സരിക്കും.രണ്ടു കേന്ദ്ര മന്ത്രിമാരും തൃശൂരിൽ സുരേഷ് ഗോപിയടക്കം കേരളത്തിലെ 12 സ്ഥാനാർഥി കളെയും ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 370 സീറ്റുകൾ ലക്ഷ്യം വയ്ക്കുന്ന ബിജെപി ആദ്യ പട്ടികയിൽ തന്നെ 195 പേരുകൾ പ്രഖ്യാപിച്ചു.47 യുവാക്കൾ 28 വനിതകൾ, എസ് സി വിഭാഗത്തിൽ നിന്ന് 27 പേർ,എസ് ടി വിഭാഗത്തിൽ നിന്ന് 18, ഒബിസി വിഭാഗത്തിൽ നിന്ന് 57 എന്നിങ്ങനെയാണ് ആദ്യഘട്ട പട്ടിക.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ പ്രമുഖ നേതാക്കളെല്ലാം ആദ്യ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.നരേന്ദ്ര മോദി മൂന്നാം തവണയും വാരാണസിയിൽ മത്സരിക്കും.ഗാന്ധിനഗറില്‍ അമിത് ഷാ,ലക് നൗവിൽ രാജ്നാഥ് സിങ്,അമേത്തിയിൽ സ്മൃതി ഇറാനി, എന്നിവർ തന്നെ തുടരും.
മുൻ മുഖ്യമന്ത്രിമാരായ ശിവരാജ് സിങ് ചൗഹാൻ വിദിഷയിലും, സർവനന്ദ സോനെവാൾ ദിബ്രുഗഡിലും മത്സരിക്കും ഡൽഹിയിൽ മുതിർന്ന നേതാക്കളായ ഡോ ഹർഷ വർദ്ധൻ, മീനാക്ഷി ലേഖി എന്നിവർക്ക് ഇത്തവണ സീറ്റില്ല.
സുഷമ സ്വരാജിന്റ മകൾ ബാസുരി സ്വരാജ് ന്യൂ ഡൽഹി മണ്ഡലത്തിൽ മത്സരിക്കും.
മറ്റ് പാർട്ടികൾ വിട്ടു വന്ന നേതാക്കളിൽ നിരവധി പേർ ആദ്യപട്ടികയിൽ തന്നെ ഇടം പിടിച്ചു.
തമിഴ് നാട്, ബിഹാർ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്ഥാനാർഥി കൾ ആദ്യപട്ടികയിൽ ഇല്ല.