ബംഗളൂരു .രാമേശ്വരം കഫെ സ്ഫോടന കേസ് എൻഐഎയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം എൻഐഎ ഏറ്റെടുത്തത്. അന്വേഷണം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് കൈമാറിയെന്ന് കർണാടക പൊലിസ് അറിയിച്ചു.
വെള്ളിയാഴ്ചയാണ് കഫെയിൽ സ്ഫോടനം നടന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞെങ്കിലും അറസ്റ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിരുന്നില്ല. കേസന്വേഷിയ്ക്കുന്ന ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നാലു പേരെ കസ്റ്റഡിയിൽ എടുത്തതായി സൂചനയുണ്ടായിരുന്നു. എന്നാൽ ഇവരിൽ നിന്നും പ്രതിയിലേയ്ക്ക് എത്താനുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ലെന്നാണ് വിവരം.
സ്ഫോടനം നടന്ന ദിവസം മുതൽ തന്നെ എൻഐഎ സംഘം കഫെയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. എൻഎസ് ജിയും വിവര ശേഖരണം നടത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ പ്രതി പിടിയിലാകുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര ഇന്നലെ പറഞ്ഞിരുന്നു. സ്ഫോടനം നടന്ന് മൂന്ന് ദിവസമായിട്ടും സെൻട്രൽ ക്രൈം ബ്രാഞ്ചിന് പ്രതിയിലേയ്ക്ക് എത്താൻ സാധിയ്ക്കാത്ത സാഹചര്യത്തിലാണ് കേസ് എൻഐഎയ്ക്ക് കൈമാറുന്നത്.