ശ്രീനഗര്‍: ഭരണഘടനയുടെ അനുഛേദം റദ്ദാക്കിയതിന്റെ പേരില്‍ കോണ്‍ഗ്രസ് ജമ്മു കശ്മീര്‍ ജനതയെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
അനുഛേദം റദ്ദാക്കിയതോടെ ജമ്മു കശ്മീര്‍ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തില്‍ നടക്കുന്ന വികസിത ഭാരത്, വികസിത ജമ്മു കശ്മീര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി. കൃഷിയും ടൂറിസവും ഊര്‍ജവുമടക്കം വിവിധ മേഖലകളില്‍ 500 കോടിയുടെ പദ്ധതികളാണ് ഇന്ന് പ്രഖ്യാപിച്ചത്.
രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിയമം നടപ്പാക്കപ്പെട്ട കാലത്ത് ജമ്മു കശ്മീരില്‍ അത് പാലിക്കപ്പെട്ടില്ല. ദരിദ്രരുടെ ക്ഷേമത്തിനായി രാജ്യം മുഴുവന്‍ ക്ഷേമപദ്ധതികള്‍ നടപ്പാക്കപ്പെട്ടപ്പോള്‍ ജമ്മു കശ്മീരിലെ സഹോദരങ്ങള്‍ക്ക് അത് പ്രാപ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാലം മാറി. ജമ്മു കശ്മീരിന്റെ വിജയകഥ ഇന്ന് ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ഇന്ന് നിരവധി പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഊറജം, ടൂറിസം, കര്‍ഷക ഉന്നമനം, യുവജന നേതൃത്വം എന്നിവയെല്ലാം നടപ്പാകുന്നു. വികസിത ജമ്മു കശ്മീരിനുള്ള പാത ഇവിടെ നിന്നു തുടങ്ങും. ജമ്മ കശ്മീര്‍ ഒരു പ്രദേശമല്ല. അത് ഇന്ത്യയുടെ നെറ്റിത്തടമാണ്. ജമ്മു കശ്മീര്‍ സന്ദര്‍ശിക്കുക എന്നത് വികസിത ഭാരതത്തിന്റെ മൂന്‍ഗണനാ വിഷയമാണ്.
ജമ്മു കശ്മീരില്‍ ജി 20 ഉച്ചകോടി നടന്നത് ലോകം മുഴുവന്‍ കണ്ടു. ജമ്മു കശ്മീരിനെ ടൂറിസത്തിന്റെ കേന്ദ്രമാക്കും. ആളുകള്‍ വിവാഹം കഴിക്കാന്‍ ഇവിടെ വരും. കഴിഞ്ഞ വര്‍ഷം രണ്ട് കോടി ടൂറിസ്റ്റുകളാണ് ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ഇപ്പോള്‍ ലോകത്ത് നടക്കുന്ന പല വലിയ ആഘോഷങ്ങളുടെയും വേദി ജമ്മു കശ്മീരാണ്. ശ്രീനഗറിനെ ഇന്ത്യയുടെ ടൂറിസംവ്യവസായത്തിന്റെ ഹബ്ബാക്കും.
താമരയുമായി ജമ്മു കശ്മീരിന് വലിയ ബന്ധമുണ്ട്. ഇവിടെ എല്ലാ തടാകങ്ങളിലും താമര വിരിയുന്നു. 50 വര്‍ഷം മുന്‍പ് രൂപീകരിച്ച ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ലോഗോയും താമരയാണ്. ബിജെപിയുടെ ചിഹ്നവും താമരതന്നെ ആയത് യാദൃശ്ചികമോ പ്രകൃതിയുടെ അടയാളമോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.