ബസും ലോറിയും ഉരസി, ഫുട്ബോർഡിൽ യാത്ര ചെയ്ത നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Advertisement


ചെങ്കൽപേട്ട്. തമിഴ് നാട് ചെങ്കൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് വിദ്യാർഥികൾ മരിച്ചു. സ്വകാര്യബസും കണ്ടെയ്നർ ലോറിയും ഉരസിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ബസിൻ്റെ ഫുട്ബോർഡിൽ യാത്ര ചെയ്തിരുന്ന വിദ്യാർത്ഥികളാണ് മരിച്ചത്. അഞ്ച് പേർക്ക് പരുക്കേറ്റു.

ഇന്ന് രാവിലെ മധുരാനന്തകം തിരുനാലവൂരിലാണ് സംഭവം. പ്രദേശത്തെ സ്വകാര്യ കോളജിലെ വിദ്യാർഥികളായ ധനുഷ്, മോനിഷ്,കമലേഷ്, രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. മൂന്നു പേർ സംഭവ സ്ഥലത്തും രഞ്ജിത്ത് ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചു പേരെ സാരമായ പരുക്കുകളോടെ ചെങ്കൽപേട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബസിൽ വലിയ തിരക്കായതിനാൽ കുട്ടികൾ ഫുട്ബോർഡിലാണ് യാത്ര ചെയ്തിരുന്നത്. മുൻപിലുണ്ടായിരുന്ന വാഹനം ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഡ്രൈവർ ബസ് ഇടത്തോട്ടെടുക്കുകയായിരുന്നു. ഇതോടെയാണ് കണ്ടെയ്നർ ലോറിയിൽ ഉരസിയത്. ഫുട്ബോർഡിലുണ്ടായിരുന്ന വിദ്യാർത്ഥികൾ തട്ടി ലോറിയ്ക്ക് അടിയിലേയ്ക്ക് വീഴുകയായിരുന്നു. സംഭവത്തിൽ ചെങ്കൽപേട്ട് പൊലിസ് കേസെടുത്തിട്ടുണ്ട്.