അശ്ലീല ഉള്ളടക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് 18 ഒടിടി പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. ഐടി നിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നടപടിയെടുത്തത്.
19 വെബ്സൈറ്റുകള്‍, 10 ആപ്പുകള്‍, ഒടിടി പ്ലാറ്റ്ഫോമുകളുടെ 57 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ തുടങ്ങിയവും നിരോധിച്ചിട്ടുണ്ട്. ‘ക്രിയേറ്റീവ് എക്സ്പ്രഷന്‍’ എന്നതിന്റെ മറവില്‍ അശ്ലീലം പ്രദര്‍ശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും, അതു പാലിക്കപ്പെട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് പ്രകാരമാണ് നടപടി.
ഡ്രീംസ് ഫിലിംസ്, വൂവി, യെസ്മ, അണ്‍കട്ട് അഡ്ഡ, ട്രൈ ഫ്ലിക്‌സ്, എക്‌സ് പ്രൈം, നിയോണ്‍ എക്‌സ് വിഐപി, ബെഷാരംസ്, ഹണ്ടേഴ്‌സ്, റാബിറ്റ്, എക്‌സ്ട്രാമൂഡ്, ന്യൂഫ്‌ലിക്‌സ്, മൂഡ്എക്‌സ്, മോജ്ഫ്ലിക്‌സ്, ഹോട്ട് ഷോട്ട് വിഐപി, ഫുഗി, ചിക്കോഫ്‌ലിക്‌സ്, പ്രൈം പ്ലേ എന്നിവയാണ് നിരോധിച്ച ഒടിടി പ്ലാറ്റ്‌ഫോമുകള്‍.