ഹൈദരാബാദ്: റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍പിഎഫ്) എസ്ഐയായി ആള്‍മാറാട്ടം നടത്തിയ യുവതി അറസ്റ്റില്‍. തെലങ്കാന നര്‍കേട്ട്പള്ളി സ്വദേശി ജഡല മാളവിക(25)യാണ് പൊലീസ് പിടിയിലാകുന്നത്. വിവാഹനിശ്ചയത്തിന് യൂണിഫോം ധരിച്ചെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. പ്രതിശ്രുത വരന് തോന്നിയ സംശയം ആള്‍മാറാട്ടം പിടികൂടാനിടയായത്. ഐ.ടി. ഉദ്യോഗസ്ഥനായ ഇയാള്‍ വിശദമായ അന്വേഷണം നടത്തി. ആര്‍പിഎഫ് ഉദ്യോഗസ്ഥരുമായി ഇയാള്‍ ബന്ധപ്പെട്ടു. അന്വേഷണത്തില്‍ മാളവിക എസ്ഐ അല്ലെന്നും ഒരു ജോലിയും ഇല്ലെന്നും ബോധ്യപ്പെട്ടു. തുടര്‍ന്നാണ് പൊലീസ് ആള്‍മാറാട്ടം നടത്തിയതിന്റെ പേരില്‍ യുവതിയെ അറസ്റ്റ് ചെയ്യുന്നത്.
കഴിഞ്ഞ ഒരുവര്‍ഷമായി എവിടെ പോയാലും യുവതി യൂണിഫോമാണ് ധരിക്കാറുണ്ടായിരുന്നത്. രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണ് പിടിയിലായ മാളവിക. 2018-ല്‍ ആര്‍പിഎഫിലേക്കുള്ള എസ്ഐ റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നു. എഴുത്തുപരീക്ഷ പാസായെങ്കിലും മെഡിക്കല്‍ ടെസ്റ്റില്‍ ഇവര്‍ പരാജയപ്പെട്ടു. ഇതിന് ശേഷമാണ് പരീക്ഷ പാസായെന്ന് എല്ലാവരെയും തെറ്റിദ്ധരിപ്പിച്ച് പൊലീസ് യൂണിഫോം ധരിച്ച് യുവതി ആള്‍മാറാട്ടം നടത്തി കബളിപ്പിച്ചത്.
പൊതുസ്ഥലങ്ങളിലെല്ലാം യൂണിഫോം ധരിച്ചാണ് എത്താറുള്ളത്. ക്ഷേത്രങ്ങളിലും മറ്റും യൂണിഫോം ധരിച്ച് പോകുമ്പോള്‍ വിഐപി പരിഗണന ലഭിച്ചിരുന്നു. യാത്രകളിലും ഇങ്ങനെയായിരുന്നു പോയിരുന്നത്. എപ്പോഴും യൂണിഫോമില്‍ കാണുന്നതിനാല്‍ യുവതി ശരിക്കും എസ്ഐ ആണെന്ന് നാട്ടുകാരും തെറ്റിദ്ധധരിച്ചു.
സമൂഹ മാധ്യമങ്ങളിലും ഇവര്‍ക്ക് ആരാധകരുണ്ടായി. നല്‍ഗോണ്ടയില്‍ ഒരു സ്വകാര്യസ്ഥാപനം സംഘടിപ്പിച്ച വനിതാദിന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്താനും മാളവികയ്ക്ക് ക്ഷണം ലഭിച്ചു. മാര്‍ച്ച് എട്ടിന് നടന്ന വനിതാദിന പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു ഇവര്‍.