ബംഗ്ലൂരു:
കർണാടകയിൽ കോൺഗ്രസ് എംഎൽഎമാരെ ബിജെപി ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. രാജിവെക്കാൻ 50 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നാണ് സിദ്ധരാമയ്യ വെളിപ്പെടുത്തിയത്. രാജി വെച്ചതിന് ശേഷമുള്ള ഉപതെരഞ്ഞെടുപ്പുകളിൽ പണം നൽകാമെന്നാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത മാർഗങ്ങളിലൂടെ സ്വത്ത് സമ്പാദിച്ച പണക്കാർ പ്രതിപക്ഷ പാർട്ടികളിൽ മാത്രമാണോ ഉള്ളത്. ബിജെപിയിൽ ഒരാൾ പോലുമില്ല, അവരാണ് അഴിമതിയുടെ പിതാക്കൻമാർ. ബിജെപിയുടെ ചാക്കിട്ട് പിടിത്തത്തിന് നിരവധി ഉദാഹരണങ്ങളുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ എംഎൽഎമാർക്ക് 50 കോടി രൂപ വാഗ്ദാനം ചെയ്തു. അവരോട് രാജിവെക്കാൻ ആവശ്യപ്പെട്ടെന്നും സിദ്ധരാമയ്യ പറഞ്ഞു
എംഎൽഎമാർ രാജിവെച്ചതിന് ശേഷം ഉപതെരഞ്ഞെടുപ്പിൽ സഹായിക്കാമെന്ന് പോലും ബിജെപി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏത് തരത്തിലുള്ള പണമാണ് അവർ വാഗ്ദാനം ചെയ്യുന്നത്. അത് കള്ളപ്പണമല്ലേ, ഇത് അഴിമതി പണമല്ലെ എന്നും സിദ്ധരാമയ്യ ചോദിച്ചു