ജയിലിൽ നിന്ന് അച്ചടിവിദ്യ പഠിച്ചു; മോചിതനായശേഷം കള്ള നോട്ടടി: യുവാവ് അറസ്റ്റിൽ

Advertisement

ഭോപ്പാൽ: ജയിലിൽ നിന്നും പഠിച്ച അച്ചടി വിദ്യ ഉപയോഗിച്ച് ജയിൽ മോചിതനായശേഷം വ്യാജ കറൻസി നോട്ടുകൾ നിർമിച്ച കേസിൽ ഒരാൾ പിടിയിൽ. മധ്യപ്രദേശിലെ വിദിഷയിലാണ് സംഭവം. ഭൂപേന്ദ്ര സിംഗ് ധാക്കത്ത് (35) എന്നയാളാണ് ശനിയാഴ്ച പിടിയിലാവുന്നത്. ഇയാളുടെ പക്കൽ നിന്നും 200 രൂപയുടെ 95 വ്യാജ കറൻസികളും പൊലീസ് പിടികൂടി. കൂടാതെ കളർ പ്രിന്‍റർ, 6 മഷി കുപ്പികൾ, കള്ളനോട്ട് നിർമ്മിക്കാൻ ഉപയോഗിച്ച പേപ്പർ എന്നിവയും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തതായി സിറോഞ്ച് സബ് ഡിവിഷണൽ ഓഫീസർ ഓഫ് പൊലീസ് ഉമേഷ് തിവാരി പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കള്ളനോട്ടുകൾ അച്ചടിച്ച് വിപണിയിലേക്ക് ഇറക്കുന്നതായി ഇയാൾ കുറ്റം സമ്മതിച്ചു. വിദിഷ ജയിൽ സൂപ്രണ്ട് പ്രിയദർശൻ ശ്രീവാസ്തവ പറയുന്നതനുസരിച്ച്, ജയിൽ മോചിതരായ ശേഷം ജീവിക്കാൻ അവരെ സഹായിക്കുന്നതിന് തടവുകാർക്ക് ഓഫ്-സെറ്റ് പ്രിന്‍റിംഗ്, സ്ക്രീൻ പ്രിന്‍റിംഗ് പരിശീലനം നൽകിയിരുന്നു. ഈ വിദ്യയാണ് ഇയാൾ കള്ള നോട്ടടിക്കാന്‍ ഉപയോഗിച്ചത്. കൊലപാതകം ഉൾപ്പെടെ 11 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഭൂപേന്ദ്ര സിംഗ്. 2003 ഒക്ടോബറിൽ വിദിഷ, രാജ്ഗഡ്, റെയ്‌സൻ, ഭോപ്പാൽ, അശോക് നഗർ എന്നീ ജില്ലകളുടെ പരിധിയിൽ നിന്ന് ഇയാളെ ഒരു വർഷത്തേക്ക് പുറത്താക്കിയിരുന്നു.

Advertisement