റഷ്യന്‍ മനുഷ്യക്കടത്തിനു പിന്നില്‍ വന്‍ റാക്കറ്റെന്ന് സിബിഐ എഫ്ഐആര്‍. ഏജന്റുമാര്‍ കബളിപ്പിച്ച് റഷ്യയിലെത്തിച്ച ഇന്ത്യക്കാരെ റഷ്യന്‍ സേന പട്ടാള യൂണിഫോം നല്കി യുക്രെയ്ന്‍ യുദ്ധഭൂമിയിലേയ്ക്ക് അയച്ചെന്നും സിബിഐയുടെ പ്രഥമ വിവര റിപ്പോര്‍ട്ട്. 35 മലയാളികള്‍ ഉള്‍പ്പെടെ 140 പേര്‍ ഉള്‍പ്പെട്ടതായും സിബിഐ കണ്ടെത്തി.
ഇന്ത്യയില്‍ നിന്ന് റിക്രൂട്ട് ചെയ്ത യുവാക്കളെ അവരുടെ താല്പര്യത്തിന് വിരുദ്ധമായി യുക്രെയ്ന്‍ യുദ്ധഭൂമിയില്‍ മുന്‍നിരയില്‍ വിന്യസിച്ചെന്നാണ് എഫ്ഐആര്‍. 20 ദിവസം മുതൽ 3 മാസം വരെയുള്ള സന്ദർശക വീസയിൽ സെക്യൂരിറ്റി ജോലി, യൂണിവേഴ്സിറ്റികളില്‍ പഠനം തുടങ്ങിയ ഉറപ്പുകള്‍ നല്കിയാണ് ഇവരെ റഷ്യയിലെത്തിച്ചത്.