മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ്

Advertisement

മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ് ശിക്ഷ. 1996-ലെ മയക്കുമരുന്നു കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചുവെന്ന സംഭവത്തിലാണ് ശിക്ഷ. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പാലന്‍പുര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. സഞ്ജീവ് ഭട്ടിനെ പാലന്‍പുര്‍ സബ് ജയിലിലേക്ക് കൊണ്ടു പോകും.
1996-ല്‍ മയക്കു മരുന്നു പിടികൂടിയ സംഭവത്തില്‍ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമര്‍സിങ് രാജ്പുരോഹിതിനെ പ്രതിയാക്കി എടുത്ത കേസിലാണ് കുറ്റക്കാരനെന്നു വിധിച്ചത്. എന്‍ഡിപിഎസ് ആക്ട് പ്രകാരമായിരുന്നു അഭിഭാഷകനെതിരെ അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഭിഭാഷകന്‍ താമസിച്ച പാലന്‍പുരിലെ ഹോട്ടല്‍ മുറിയില്‍ നിന്നു മയക്കുമരുന്നു പിടിച്ചെടുത്തെന്നു സഞ്ജീവ് ഭട്ട് അവകാശപ്പെട്ടിരുന്നു. അന്ന് ബനസ്‌കന്ത ജില്ലയിലെ പൊലീസ് സൂപ്രണ്ടായിരുന്നു ഭട്ട്. എന്നാല്‍ കേസില്‍ അഭിഭാഷകനെ ബനസ്‌കന്ത പൊലീസ് തെറ്റായി കുടുക്കുകയായിരുന്നുവെന്നു രാജസ്ഥാന്‍ പൊലീസ് പിന്നീട് വ്യക്തമാക്കി.