ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾക്കും നേതാക്കൾക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടികൾ കടുപ്പിക്കുന്നതിനിടെ, ഇന്ത്യാസഖ്യത്തിലെ മുഴുവൻ പാർട്ടികളുടെയും ശക്തിപ്രകടനം ഇന്നു ഡൽഹിയിൽ നടക്കും. ‘ജനാധിപത്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രാവിലെ 10 മുതൽ ഉച്ചയ്ക്കു 2 വരെ രാംലീല മൈതാനത്തു നടക്കുന്ന റാലിയിൽ 28 പാർട്ടികൾ പങ്കെടുക്കുമെന്നു കോൺഗ്രസ് അറിയിച്ചു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെയാണ് ആദ്യം റാലി പ്രഖ്യാപിച്ചതെങ്കിലും വ്യക്തികേന്ദ്രീകൃതമാക്കാതെ സഖ്യത്തിന്റെ കൂട്ടായ പ്രതിരോധമെന്ന ധാരണയിലേക്കു പിന്നീട് നേതാക്കളെത്തി. ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ ഉൾപ്പെടെ ഇന്ത്യാസഖ്യത്തിന്റെ മറ്റ് ഒട്ടേറെ നേതാക്കളും ജയിലിലാണ്.
അതേസമയം റാലി കേജ്‍രിവാളിന്റെ അറസ്റ്റിനെതിരെ തന്നെയാണെന്ന് എഎപി മന്ത്രി സൗരഭ് ഭരദ്വാജ് കോൺഗ്രസിനെ അറിയിച്ചു. ജനവികാരം തിരിച്ചറിഞ്ഞാണ് പ്രക്ഷോഭമെന്നും അദ്ദേഹം അറിയിച്ചു. സുനിത കേജ്‌രിവാള്‍ റാലിയില്‍ പങ്കെടുക്കുമെന്നും അരവിന്ദ് കേജ്‌രിവാളിന്റെ സന്ദേശം വായിക്കുമെന്നും എഎപി വക്താവ് പ്രിയങ്ക കക്കർ പറഞ്ഞു.
ഒരു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്ന് ആം ആദ്മി പാർട്ടി
മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചും പ്രതിപക്ഷ പാർട്ടി നേതാക്കളെ കുടുക്കാൻ സർക്കാർ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ചും ഇന്ത്യാസഖ്യം നടത്തുന്ന മഹാറാലിയുടെ പശ്ചാത്തലത്തിൽ രാംലീല മൈതാനിൽ പൊലീസ് സുരക്ഷ ശക്തമാക്കി. മൈതാനത്തേക്കു കടക്കുന്നതിനായി പൊലീസ് ഏഴ് കവാടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ ഒരെണ്ണം വിഐപികൾക്കും ഒരെണ്ണം മാധ്യമപ്രവർത്തകർക്കും വേണ്ടിയാണ്.
ട്രാക്ടറുകൾ എത്തിക്കരുത്, മാർച്ച് നടത്തരുത് തുടങ്ങിയ നിബന്ധനകളോടെയാണു പൊലീസ് പ്രതിഷേധത്തിന് അനുമതി നൽകിയിരിക്കുന്നത്. 20,000 പേർക്കാണ് അനുമതി നൽകിയതെങ്കിലും 30,000ലധികം ആളുകളെത്തുമെന്നു പൊലീസ് തന്നെ പറയുന്നു.
ഒരു ലക്ഷത്തിലേറെ ആളുകൾ എത്തുമെന്നാണ് ആം ആദ്മി പാർട്ടി പറഞ്ഞത്.
ബിജെപി, ആം ആദ്മി പാർട്ടി, സിപിഎം എന്നിവയുടെ ഓഫിസുകൾ സ്ഥിതി ചെയ്യുന്ന ദീൻദയാൽ ഉപാധ്യായ മാർഗിൽ 144 പ്രഖ്യാപിച്ചു. രാം ലീല മൈതാനു പുറത്തേക്കു റാലി അനുവദിക്കില്ല. നിബന്ധനകൾ ലംഘിച്ചാൽ കർശന നപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
രാംലീല മൈതാനിയോടു ചേർന്നുള്ള റോഡുകളിലും പാർക്കിങ് കേന്ദ്രങ്ങളിലും ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ ട്രാഫിക് പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. സെൻട്രൽ ഡൽഹി, ഡിഡിയു മാർഗ്, രാംലീല മൈതാനി എന്നിവിടങ്ങളിലായി 12 കമ്പനി അർധസൈനിക വിഭാഗത്തെയും വിന്യസിച്ചിട്ടുണ്ട്. പരിസരത്ത് സിസിടിവി ക്യാമറകളും കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.