മാണ്ഡ്യ എംപിയും നടിയുമായ സുമലത അംബരീഷ് വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്നു. സുമലത ബിജെപിയിലേക്കെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു, ഇതിന് പിന്നാലെയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. കര്‍ണാടക മുന്‍ മുഖ്യമത്രി യദ്യൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി. വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആര്‍. അശോക് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ സുമലതയെ പാര്‍ട്ടി അംഗത്വം നല്‍കി സ്വീകരിച്ചു.
മാണ്ഡ്യ സീറ്റ് എന്‍ഡിഎ സഖ്യകക്ഷിയായ ജെഡിഎസിന് ഒഴിഞ്ഞുകൊടുക്കുമെന്ന് സുമലത വ്യക്തമാക്കിയിരുന്നു. ജെഡിഎസ് സ്ഥാനാര്‍ത്ഥി കുമാര സ്വാമിക്കായി പ്രചരണത്തിനിറങ്ങുമെന്ന് അനുയായികളുടെ യോഗത്തില്‍ സുമലത പറഞ്ഞിരുന്നു. ഇതിനു പകരമായി ബിജെപിയിലെ ഒരു സുപ്രധാന പതവി സുമലതയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്നും, അഞ്ചു വര്‍ഷം മുന്‍പ് മാണ്ഡ്യ മണ്ഡലത്തില്‍ ചരിത്ര വിജയം നേടിയിരുന്നെന്നും, ആ സന്ദര്‍ഭം മറക്കാനാവില്ലെന്നും സുമലത പറഞ്ഞു. ‘മാണ്ഡ്യയിലെ ജനങ്ങളും ആരാധകരുമാണ് എന്റെ നട്ടെല്ല്, 5 വര്‍ഷം മുന്‍പ് പ്രധാന മന്ത്രി എന്നെ പിന്തുണച്ചിരുന്നു, അതു ഞാന്‍ ഒരിക്കലും മറക്കില്ല. മോദിയെ പ്രധാനമന്ത്രിയാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയില്‍ ചേര്‍ന്നത്,’ പാര്‍ട്ടി അംഗത്വം സ്വീകരിച്ച ശേഷം സുമലത പറഞ്ഞു.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ആദ്യകാല നടിയാണ് സുമലത. ചെന്നൈയില്‍ ജനിച്ച സുമലത മലയാളത്തിലാണ് ശ്രദ്ധനേടുന്നത്. തൂവാനത്തുമ്പികള്‍, ന്യൂ ഡല്‍ഹി, താഴ്വാരം, ഇസബെല്ല, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം സുമലതയ്ക്ക് ശ്രദ്ധനേടിക്കൊടുത്തു. തൂവാനത്തുമ്പികളിലെ ‘ക്ലാര’ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രമാണ്. 2011ല്‍ പുറത്തിറങ്ങിയ ‘നായിക’യാണ് അവസാന മലയാള ചിത്രം.