ന്യൂഡെല്‍ഹി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കാൻ നേതാക്കൾക്കും, വക്താക്കൾക്കും ബിജെപി നിർദ്ദേശം നൽകി. ഇലക്ട്രോറൽ ബോണ്ട്, കെജ്രിവാളിന്റെ അറസ്റ്റ് തുടങ്ങിയ വിഷയങ്ങൾ ഒഴിവാക്കണം എന്നാണ് നിർദ്ദേശം.പ്രതിപക്ഷ നേതാക്കളെ അതിരുകടന്ന് വ്യക്തിപരമായി വിമർശിക്കരുതെന്നും, മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ ഊന്നി പ്രചാരണം നടത്തണമെന്നും ആണ് പാർട്ടി നിർദ്ദേശം നൽകിയത്.
പ്രകോപനങ്ങളിൽ വീണു പോകരുതെന്നും മതങ്ങളെ അവഹേളിക്കരുത് എന്നും വക്താക്കൾക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്.നിരവധി നേതാക്കളുടെ പരാമർശങ്ങൾ ഇതിനകം തന്നെ വിവാദമായ പശ്ചാത്തലത്തിലാണ് നീക്കം.പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശിലെ പീലിബിത്ത് മണ്ഡലത്തിൽ പ്രചാരണ റാലി നടത്തും. സിറ്റിംഗ് എംപിയായ വരുൺ ഗാന്ധിയെ ഒഴിവാക്കി ജിതിൻ പ്രസാദക്കാണ് പീലിബത്തിൽ ബിജെപി ഇത്തവണ സീറ്റ് നൽകിയത്. മധ്യപ്രദേശിലെ ബാലാഗഡിലെ പ്രചരണ റാലിയിലും പ്രധാനമന്ത്രി ഇന്ന് പങ്കെടുക്കും.