ഡിഎംകെയെന്നാൽ അഴിമതിയെന്ന് നരേന്ദ്രമോദി
ചെന്നൈ. അഴിമതിയുടെയും കൊള്ളയുടെയും മറ്റൊരു പേരാണ് ഡിഎംകെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എൻഡിഎ ഭരണകാലത്തിൽ ഇന്ത്യയുടെ വികസനം 5ജിയിൽ എത്തി നിൽക്കുന്നു. എന്നാൽ ഡിഎംകെ 2 ജിയിൽ അഴിമതി നടത്തിയവരാണെന്നും വെറുപ്പിൻ്റെ രാഷ്ട്രീയമാണ് ഡിഎംകെ മുന്നോട്ടുവെയ്ക്കുന്നതെന്നും പ്രധാനമന്ത്രി തമിഴ് നാട്ടിൽ പറഞ്ഞു. ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. 2025ന് മുൻപ് ജാതി സെൻസസ് നടപ്പാക്കുമെന്ന് സമാജ് വാദി പാർട്ടി പ്രകടന പത്രികയിൽ പറഞ്ഞു.
രണ്ടുദിവസത്തെ സന്ദർശനത്തിനായി തമിഴ് നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രൂക്ഷമായ വിമർശനമാണ് ഡിഎംകെ-കോൺഗ്രസ് സഖ്യത്തിനെതിരെ ഉന്നയിച്ചത്. യുപിഎ സർക്കാർ സംസ്ഥാന സർക്കാറുകളെ അവഗണിച്ചു. രാഷ്ട്രീയം നോക്കി മാത്രമാണ് യുപിഎ സംസ്ഥാന സർക്കാറുകൾക്ക് സഹായം നൽകിയത്.
എൻഡിഎ സർക്കാർ പത്തുവർഷത്തിൽ സംസ്ഥാനങ്ങൾക്ക് കോടിക്കണക്കിന് രൂപ നൽകി. സംസ്ഥാനങ്ങൾ വികസിച്ചാലേ രാജ്യം വികസിക്കുവെന്ന് ബിജെപിയ്ക്ക് അറിയാമെന്നും തമിഴ് നാടിനെ ഡിഎംകെ പിന്നാക്കം കൊണ്ടുപോകുകയാണെന്നും പ്രധാനമന്ത്രി.
അതിനിടെ ലോക് സഭ തെരഞ്ഞെടുപ്പിനുള്ള പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ഉത്തർപ്രദേശിലെ 7 സീറ്റുകളിലേക്കും പശ്ചിമ ബംഗാൾ, ചണ്ഡിഗഡ് എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലെയും സ്ഥാനാർഥികളാണ് പട്ടികയിൽ ഉള്ളത്. മുൻ പ്രധാന മന്ത്രി ചന്ദ്ര ശേഖറിൻ്റെ മകൻ നീരജ് ശേഖർ ആണ് ഉത്തർ പ്രദേശിലെ ബല്ലിയ മണ്ഡലത്തിൽ സ്ഥാനാർഥി.നിലവിൽ രാജ്യസഭ അംഗമാണ്. ചണ്ഡീഗഡിൽ സിറ്റിംഗ് എംപി കിരൺ ഖേറിന് ബിജെപി ഇത്തവണ സീറ്റ് നൽകിയില്ല.സഞ്ജയ് ഠൺടൻ സ്ഥാനാർത്ഥി. ബംഗാളിലെ അസൻസോൾ സീറ്റിൽ മുതിർന്ന നേതാവ് SS അലുവാലിയ മത്സരിക്കും.
സമാജ് വാദി പാർട്ടി തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. 2025നുള്ളിൽ ജാതി സെൻസസ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. 2029 ആകുമ്പോഴേക്കും ദാരിദ്ര്യം തുടച്ചുനീക്കുമെന്നും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പുറത്തിറക്കിയ പ്രകടന പത്രികയിലുണ്ട്.
കേന്ദ്ര ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വിയും രംഗത്തെത്തി.
ഇഡി, സിബിഐ എന്നീ ഏജൻസികളുടെ ഭൂരിഭാഗം രാഷ്ട്രീയ കേസുകളും പ്രതിപക്ഷ നേതാക്കൾക്ക് എതിരെയാണെന്നും ചത്തീസ്‌ഗഡ് മദ്യ അഴിമതി കേസ് ഭാവന മാത്രമാണെന്നും സിങ്വി പറഞ്ഞു.