മുംബൈ. ബോളിവുഡ് താരം സൽമാൻ ഖാൻ്റെ മുംബൈയിലെ ഫ്ലാറ്റ് ഉൾപ്പെടുന്ന കെട്ടിട സമുച്ചയത്തിന് നേരെ വെടിവയ്പ്പ് നടത്തിയത് ബിഷ്ണോയി സംഘമെന്ന് അഭ്യൂഹം. പുലർച്ചെ ബൈക്കിലെത്തിയ രണ്ടുപേർ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിന് നേരെ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു. പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.
ബാന്ദ്രയിൽ സൽമാൻ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്സി അപ്പാർട്ട്മെന്റിന് നേരെയാണ് ആക്രമണം. പുലർച്ചെ അഞ്ചുമണിയോടെ ബൈക്കിലെത്തിയ രണ്ട് പേർ മൂന്ന് റൗണ്ട് വെടിയുതിർത്ത ശേഷം അതിവേഗം ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. കടകളോട് ചേർന്ന അപ്പാർട്ട്മെൻ്റിൻ്റെ ഒരുവശത്ത് വെടിയേറ്റ പാടുണ്ട്. ഇത് പൊലീസും ഫൊറൻസിക് സംഘം പരിശോധിച്ചു. വിദേശ നിർമിത തോക്കാണ് ഉപയോഗിച്ചതെന്നാണ് സൂചന. സിസിടിവി ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ച് പ്രതികൾക്കായി ബാന്ദ്രാ പൊലീസും മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണം ഊർജ്ജിതമാക്കി. ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽ നിന്ന് സൽമാൻ ഖാന് നിരന്തര ഭീഷണിയുണ്ടായിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടായിരുന്നു ബിഷ്ണോയ് ഗ്യാങ്ങിന്റെ പക . നിലവിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് സൽമാന് ഉള്ളത്. അതേസമയം സംസ്ഥാനത്തുണ്ടാകുന്ന തുടർച്ചയായ അക്രമസംഭവങ്ങളെ അപലപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമായി മാറിയെന്ന് എൻസിപി നേതാവ് സുപ്രിയ സുലെ ആരോപിച്ചു.
. . .