മുംബൈ. ബോളിവുഡ് താരം സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് നേരെയുണ്ടായ വെടിവയ്പ്പിൽ ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു. പ്രതികൾ മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്നുള്ളവരാണെന്നാണ് സൂചന.
ബാന്ദ്രയിൽ സൽമാൻ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്സി അപ്പാർട്ട്മെന്റിന് നേരെ പുലർച്ചെ അഞ്ചുമണിയോടെ ആണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടു പേർ മൂന്ന് റൗണ്ട് വെടിയുതിർത്തെന്നാണ് റിപ്പോർട്ട്. ഈ സമയത്ത് സൽമാൻ വീട്ടിലുണ്ടായിരുന്നു. അപ്പാർട്ട്മെൻ്റിൻ്റെ ചുമരിൽ പതിച്ച ഒരു വെടിയുണ്ട കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പ്രതികൾ സഞ്ചരിച്ച ബൈക്കും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ മഹാരാഷ്ട്രയ്ക്ക് പുറത്തു നിന്നുള്ള സംഘമാണെന്നാണ് സൂചന. 15 ടീമുകളായി തിരിഞ്ഞാണ് മുംബൈ പൊലീസിന്റെ തിരച്ചിൽ. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയ് രംഗത്തെത്തി. എന്നാൽ ഈ സോഷ്യൽ മീഡിയ പോസ്റ്റിന്റെ ആധികാരികത പൊലീസ് സ്ഥീരികരിച്ചിട്ടില്ല. കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് സൽമാന് ബിഷ്ണോയി സംഘത്തിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നു. സൽമാൻ ഖാനെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ സുരക്ഷ ശക്തമാക്കുമെന്ന് ഉറപ്പുനൽകി. തുടർച്ചയായ അക്രമ സംഭവങ്ങളുണ്ടാകുമ്പോൾ ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമായി മാറിയെന്ന് എൻസിപിയും ശിവസേന ഉദ്ധവ് പക്ഷവും കുറ്റപ്പെടുത്തി
Home News Breaking News സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടി, ആക്രമണത്തിന് ഉപയോഗിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തു