ചെന്നൈ. തമിഴ്‌നാട്ടില്‍ 900 കോടിയുടെ സ്വര്‍ണ്ണം പിടിച്ചെടുത്ത് തമിഴ്‌നാട് ഫ്‌ളൈയിംഗ് സ്‌ക്വാഡ്. ഇത് ഒരു ഫ്‌ലൈയിംഗ് സ്‌ക്വാഡിനെ സംബന്ധിച്ചിടത്തോളം റെക്കോഡ് വേട്ടയാണ്. എന്നാല്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാത്തത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
1425 കിലോഗ്രാം സ്വര്‍ണ്ണക്കട്ടികളാണ് പിടിച്ചെടുത്തത്. ഇതിനുശേഷം ഒരു വിവരവും പുറത്തുവന്നിട്ടില്ല എന്നതാണ് ദുരൂഹമാകുന്നത്.
ശ്രീപെരുമ്ബതൂരിനടുത്ത് വണ്ടലൂര്‍ വെച്ചാണ് ഉദ്യോഗസ്ഥരുടെ സംഘം സ്വര്‍ണ്ണവേട്ട നടത്തിയത്. മിഞ്ചൂരില്‍ നിന്നും ശ്രീപെരുമ്ബതൂരിലേക്ക് പോകുകയായിരുന്ന ഒരു കാറും ലോറിയും മിഞ്ചൂര്‍-വണ്ടലൂര്‍ ഔട്ടര്‍റിംഗ് റോഡില്‍ വെച്ച് ഫ്‌ലൈയിംഗ് സ്‌ക്വാഡ് സംഘം തടഞ്ഞു. സംശയം തോന്നിയാണ് തടഞ്ഞത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
ആയുധധാരികളുള്ള വാനില്‍ പെട്ടിയില്‍ അടുക്കിവെച്ച നിലയിലായിരുന്നു സ്വര്‍ണ്ണക്കട്ടികള്‍. ഒരാള്‍ കാറിലും ഈ വാനിനെ പിന്തുടര്‍ന്നു. വാഹനം തടഞ്ഞപ്പോള്‍ വാഹനങ്ങളിലുള്ളവര്‍ പറഞ്ഞത് അവര്‍ കാഷ് മാനേജ്‌മെന്റ് കമ്ബനിയില്‍ ജോലി ചെയ്യുന്നവരാണെന്നും ശ്രീപെരുമ്ബതൂരിലുള്ള കമ്ബനിയുടെ ശാഖയിലേക്ക് ചരക്ക് കൊണ്ടുപോവുകയാണെന്നുമായിരുന്നു.
400 കിലോഗ്രാം സ്വര്‍ണ്ണത്തിന്റെ കസ്റ്റംസ് നല്‍കിയ നിയമപരമായ രേഖകള്‍ ഇവരുടെ കൈവശം ഉണ്ടായിരുന്നു. പക്ഷെ 1025 കിലോഗ്രാം സ്വര്‍ണ്ണത്തിന് രേഖകളുണ്ടായിരുന്നില്ല. ഇതിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമേ അറിയാന്‍ കഴിയൂ എന്ന് ഫ്‌ലൈയിംഗ് സ്‌ക്വാഡ് പറയുന്നു. ആദായനികുതി വകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥരെത്തി വാനും കാറും റവന്യുഓഫീസിലേക്ക് കൊണ്ടുപോയി. ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ആദായനികുതി ഉദ്യോഗസ്ഥരും ഇതേക്കുറിച്ച്കൂടുതല്‍ അന്വേഷിക്കും.