ന്യൂ ഡെൽഹി :
ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിലും മണിപ്പൂരിലും സംഘർഷം. മണിപ്പൂരിൽ ആയുധധാരികൾ പോളിംഗ് ബൂത്തിൽ അതിക്രമിച്ച് കയറി വോട്ടിംഗ് യന്ത്രങ്ങൾ അടിച്ചു തകർത്തു. ബൂത്ത് പിടിക്കാനുള്ള ശ്രമത്തിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു.
ബംഗാളിൽ കൂച്ച്ബിഹാറിലും അലിപൂർദ്വാറിലും ബിജെപി-ടിഎംസി പ്രവർത്തകർ ഏറ്റുമുട്ടി. കലാപം നടക്കുന്ന മണിപ്പൂരിൽ അതീവ സുരക്ഷയിൽ വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. ഇംഫാൽ ഈസ്റ്റിലെ ഖോങ്മാന്നിൽ പോളിംഗ് സ്‌റ്റേഷനിലേക്ക് ആയുധധാരികളായ സംഘം അതിക്രമിച്ച് കയറി സംഘർഷം ഉണ്ടാക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ
ഇവിഎം, വിവിപാറ്റ് യന്ത്രങ്ങൾ അടിച്ചു തകർത്തു. സുരക്ഷാ സേനയും പോളിംഗ് ഉദ്യോഗസ്ഥരും നോക്കിനിൽക്കെയാണ് സംഭവങ്ങൾ. ഒരു സംഘം ഖോങ്മാന്നിലെ സോൺ 4ലെ പോളിംഗ് സ്‌റ്റേഷനിൽ കയറിയും വോട്ടിംഗ് യന്ത്രങ്ങൾ തകർത്തു.
ബംഗാളിലെ കൂച്ച് ബിഹാർ, അലിപൂർദ്വാർ മേഖലകളിലാണ് ബിജെപി, തൃണമൂൽ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. ആയുധങ്ങളുമായി എത്തിയ ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന് തൃണമൂൽ പ്രവർത്തകർ ആരോപിച്ചു.