ഒരു വിഭാഗത്തിന്റെ സമ്പത്ത് കോണ്‍ഗ്രസുകാർ തട്ടിയെടുക്കും, രാജസ്ഥാനിലെ വിവാദ പരാമർശത്തിലുറച്ച് പ്രധാനമന്ത്രി

Advertisement

ന്യൂഡെല്‍ഹി. രാജസ്ഥാനിലെ വിവാദ പരാമർശത്തിലുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പറഞ്ഞത് മുഴുവന്‍ സത്യമാണെന്നും ഒരു വിഭാഗത്തിന്റെ സമ്പത്ത് കോണ്‍ഗ്രസുകാർ തട്ടിയെടുക്കുമെന്ന് മോദി ആവർത്തിച്ചു.. മോദിയുടെ വിവാദ പ്രസംഗത്തിനെതിരായ പരാതി പരിശോധിച്ച് വരികയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.വോട്ടിന് വേണ്ടിയാണ് മോദി ജനങ്ങളെ ഭിന്നിപ്പിക്കുന്നതെന്ന് മല്ലികാർജുനെ ഖാർഗെ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നിയമത്തിന് അതീതനല്ലെന്ന് സിപിഎം നേതാവ് ബൃന്ദാ കാരാട്ടും പറഞ്ഞു. രാജസ്ഥാനില്‍ മുസ്ലിംകള്‍ക്കെതിരായ വിവാദപരാമർശം ശരിയാണെന്നാണ് ഇന്ന് പ്രധാനമന്ത്രി ആവർത്തിച്ചത്. കോൺഗ്രസുകാർ നിങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുമെന്നും ഒരു പ്രത്യേക വിഭാഗത്തിന് അത് നൽകുമെന്നും നരേന്ദ്രമോദി രാജസ്ഥാനില്‍ ഇന്നും ആവർത്തിച്ചു

വിവാദ പ്രസംഗത്തിനെതിരെ പരാതി ലഭിച്ചതായും പരിശോധിച്ചു വരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കവും ഹാജരാക്കാന്‍ രാജസ്ഥാനിലെ ബൻസ് വാഡ ജില്ലാ ഭരണകൂടത്തിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം നൽകി.രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള മോദിയുടെ തന്ത്രമാണ് വർഗീയ പരാമർശങ്ങളെന്ന് കോണ്‍ഗ്രസ് പ്രസിഡനറ് മല്ലികാർജുനെ ഖാർഗെ കുറ്റപ്പെടുത്തി.. പ്രധാനമന്ത്രി നിയമത്തിന് അതീതനല്ലെന്ന് സിപിഐഎം പിബി അംഗം ബൃന്ദാകാരാട്ട് പ്രതികരിച്ചു.

പ്രധാനമന്ത്രി വിഷലിപ്തമായ വർഗീയ പ്രചരണത്തിന് നേതൃത്വം നൽകുകയാണെന്നും വർഗീയ കാർഡിറക്കി കളിക്കുകയാണ് ബിജെപിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു.ഭിന്നിപ്പിന്റ പ്രസ്താവനകൾ അവസാനിപ്പിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു.കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ, പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

ഇന്ത്യ സഖ്യത്തിന്റെ മുന്നേറ്റത്തിൽ ഭയന്നാണ് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പ്രതികരിച്ചു.

Advertisement