ന്യൂ ഡെൽഹി :
വോട്ടിംഗ് യന്ത്രത്തിൽ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീം കോടതി. കേസ് വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റി. പേപ്പർ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നല്ല പറയുന്നതെന്നും ചില ഉറപ്പുകൾ തേടുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു.
വിവിപാറ്റ് മെഷീനുകളുടെ പ്രവർത്തനം സംബന്ധിച്ച കോടതിയുടെ ചോദ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയിരുന്നു. പോളിംഗിന് ശേഷം വോട്ടിംഗ് മെഷീനും കൺട്രോൾ യൂണിറ്റും വിവിപാറ്റും മുദ്രവെക്കും. മൈക്രോ കൺട്രോൾ പ്രോഗ്രാം ചെയ്യുന്നത് ഒരു തവണ മാത്രമാണെന്നും ചിഹ്നം ലോഡ് ചെയ്യുന്ന യൂണിറ്റുകളുടെ കണക്കുകളും കമ്മീഷൻ കോടതിയെ അറിയിച്ചു.
അതേസമയം ഇവിഎമ്മിലെ സോഴ്‌സ് കോഡ് പരസ്യപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സോഴ്‌സ് കോഡ് പരസ്യപ്പെടുത്തിയാൽ അത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഴുവൻ വിവിപാറ്റുകളും എണ്ണുന്നത് പ്രായോഗികമല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.