ന്യൂഡൽഹി. ജന്തർ മന്ദറിൽ നാടകീയ പ്രതിഷേധവുമായി തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ. കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കുക, രാജ്യത്തെ എല്ലാ നദികളും തമ്മിൽ ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ഇതിനിടെ സ്ത്രീകൾ ഉൾപ്പെടെയുള്ള കർഷകർ ടെലഫോൺ ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത് ആശങ്കയ്ക്കിടയാക്കി.
തമിഴ്‌നാട്ടിൽ നിന്നുള്ള ഇരുനൂറോളം കർഷകരാണ് കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധവുമായി ജന്തർമന്തറിലെത്തിയത്. കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത കർഷകരുടെ തലയോട്ടികളും, അസ്ഥികളും കയ്യിലേന്തിയായിരുന്നു പ്രതിഷേധം. കാർഷികോൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം ഇരട്ടിയാക്കുക, പെൻഷൻ 5,000 രൂപയാക്കി ഉയർത്തുക, വ്യക്തിഗത ഇൻഷുറൻസ് ഉറപ്പാക്കുക, ഇന്ത്യയിലെ എല്ലാ നദികളെയും തമ്മിൽ ബന്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസി മണ്ഡലത്തിൽ മത്സരിക്കുമെന്നും കർഷകർ വ്യക്തമാക്കി.
പ്രതിഷേധത്തിനിടെ കർഷകരിൽ ചിലർ സമീപത്തെ ടെലിഫോൺ ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത് ആശങ്കയ്ക്കിടയാക്കി. ഫയർഫോഴ്സെത്തിയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ അനുനയിപ്പിച്ച് താഴെയിറക്കിയത്
ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം