ന്യൂഡെല്‍ഹി. വിദ്വേഷ പരാമർശം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കോൺഗ്രസ് നിങ്ങളുടെ സമ്പത്ത് സ്കാൻ ചെയ്ത് കണ്ടുപിടിയ്ക്കുന്നുവെന്നും, പ്രത്യേക വിഭാഗത്തിന് ആ സമ്പത്ത് വീതിച്ചു നൽകുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. കോണ്ഗ്രസ് പ്രകടന പത്രികയിലുള്ള പ്രധാന മന്ത്രിയുടെ തെറ്റിദ്ധാരണ മാറ്റാൻ കൂടിക്കാഴ്ച്ചക്ക് താല്പര്യം അറിയിച്ചു എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രധാന മന്ത്രിക്ക് കത്തയച്ചു. തോൽക്കുമെന്ന് ഭയന്നാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഇത്രയും അസഭ്യം പറഞ്ഞതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും ഖർഗെ പറഞ്ഞു.
കോണ്ഗ്രസ് പ്രകടന പത്രികക്കെതിരായ വിവാദ വിമർശനം, പ്രചാരണ വേദികളിൽ ഓരോന്നിലും ആവർത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങളുടെ സമ്പാദ്യം സ്കാൻ ചെയ്ത് കണ്ടുപിടിച്ചു , പ്രത്യേക വിഭാഗത്തിന് ആ സമ്പത്ത് വീതിച്ചു നൽകുമെന്നു കോൺഗ്രസ് പ്രകടനപത്രികയിൽ ഉണ്ടെന്ന് ആരോപണം.പവിത്രമായ മംഗല്യസൂത്രം പോലും അവർക്ക് വീതിച്ചു നൽകുമെന്ന് പ്രധാന മന്ത്രി.
കോൺഗ്രസിൻ്റെ പ്രകടന പത്രിക പോലും മുസ്ലിം ലീഗിൻ്റെതാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കർണാടകയിലെ കോൺഗ്രസ് സർക്കാർ എല്ലാ മുസ്ലിം വിഭാഗത്തെയും ഒബിസിയിൽ ഉൾപ്പെടുത്തി,
അധികാരത്തിലെത്തിയാൽ കർണാടക മോഡൽ രാജ്യത്താകെ നടപ്പാക്കാനാണ് കോൺഗ്രസിൻ്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വിമർശിച്ചു
പാരമ്പര്യ സ്വത്തിന്റെ പകുതി യിൽ ഏറെ ജനങ്ങളിൽ നിന്നും കവരാൻ കൊണ്ഗ്രസ്സിന് പദ്ധതിയുണ്ടെന്നും പ്രധാനമന്ത്രി ആരോപിച്ചു.ആരോപണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ, എഐസിസി അധ്യക്ഷൻ മല്ലികർജുൻ ഖർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു.ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റ ബിജെപിയിൽ നിന്നും ഈ നീക്കം പ്രതീക്ഷിച്ചിരുന്നെന്നു പറഞ്ഞു തുടങ്ങുന്ന കത്തിൽ മണി പൂർ അടക്കമുള്ള വിഷയങ്ങളിൽ പ്രധാന മന്ത്രിക്കെതിരെ കടുത്ത വിമർശനമുണ്ട്.
മോദി പ്രധാനമന്ത്രി കസേരയുടെ അന്തസ്സ് താഴ്ത്തുന്നുവെന്നും തോൽക്കുമെന്ന് ഭയന്നാണ് രാജ്യത്തിൻ്റെ പ്രധാനമന്ത്രി ഇത്രയും അസഭ്യം പറഞ്ഞതെന്ന് ജനങ്ങൾ തിരിച്ചറിയുമെന്നും ഖർഗെ യുടെ കത്തിൽ ഉണ്ട്.