മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവം, പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഐ

Advertisement

ന്യൂഡെൽഹി. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി സിബിഐ. ഇരകൾ സഹായം തേടിയിട്ടും പോലീസ് നടപടി എടുത്തില്ല എന്നാണ് കുറ്റപത്രം.പോലീസ് വാഹനത്തിൽ മറ്റൊരിടത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ലെന്നാണ് സിബിഐ കണ്ടെത്തൽ.



മണിപ്പൂർ കലാപത്തിനിടെ സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കഴിഞ്ഞവർഷം ചുരാചന്ദ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്നരാകി നടത്തി ലൈംഗിക അതിക്രമത്തിന് ഇരകളാക്കിയത്.ഈ സംഭവത്തിൽ പോലീസിന്റെ വീഴ്ച തുറന്നുകാട്ടുന്നതാണ് സിബിഐയുടെ കുറ്റപത്രം. മെയ്തെയ് വിഭാഗക്കാരായ അക്രമികൾ നഗ്നരാക്കും മുൻപ് സ്ഥലത്തുണ്ടായിരുന്ന പോലീസിന്റെ സഹായം തേടിയ സ്ത്രീകൾ,പോലീസ് വാഹനത്തിൽ മറ്റൊരു ഇടത്തേക്ക് കൊണ്ടുപോകാൻ അഭ്യർത്ഥിച്ചിട്ടും സഹായിച്ചില്ല. വണ്ടിയുടെ താക്കോല്‍ കാണാൻ ഇല്ലെന്നായിരുന്നു പോലീസിന്റെ മറുപടി.അതേസമയം ആയിരത്തോളം വരുന്ന കലാപകാരികൾ അടുത്തെത്തിയതോടെ പോലീസുകാർ ഇതേ വാഹനവുമായി കടന്നു കളഞ്ഞതായി  കുറ്റപത്രത്തിൽ പറയുന്നു.ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീയുടെ പിതാവിനെയും സഹോദരനെയും അക്രമകാരികൾ കൊലപ്പെടുത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. കഴിഞ്ഞവർഷം ഒക്ടോബറിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലാണ് പോലീസിനെതിരെയുള്ള ഗുരുതര പരാമർശം.

Advertisement